Latest Videos

'യൂട്യൂബർ ധ്രുവ് റാത്തിയുടെ വീഡിയോക്ക് പിന്നാലെ ബലാത്സം​ഗഭീഷണിയും വധഭീഷണിയും'; സ്വാതി മലിവാൾ എംപി

By Web TeamFirst Published May 26, 2024, 5:44 PM IST
Highlights

പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സ്വാതി മലിവാൾ ആരോപിച്ചു. 

ദില്ലി: യൂട്യൂബർ ധ്രുവ് റാത്തിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും ഉണ്ടാകുന്നതായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. തന്നെ സ്വഭാവഹത്യ ചെയ്തതിന് പിന്നാലെ പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ വധഭീഷണിയുണ്ടെന്നും സ്വാതി എക്സിൽ കുറിച്ചു. താൻ സമർപ്പിച്ചിട്ടുള്ള പരാതി പിൻവലിപ്പിക്കാനുള്ള നീക്കമാണ് പാർട്ടി നേതൃത്വം നടത്തുന്നതെന്നും സ്വാതി ആരോപിച്ചു

അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് സ്വാതി മലിവാൾ രൂക്ഷഭാഷയില്‍ പ്രതികരിച്ചിരുന്നു. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും പറഞ്ഞ സ്വാതി മലിവാൾ, പോരാടാൻ തന്നെയാണ് തീരുമാനമെന്നുമാണ് വ്യക്തമാക്കിയത്.

അതേ സമയം, തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വാതി മലിവാൾ വിവാദം ശക്തമായി ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിട്ടുണ്ട്. തനിക്ക് പിന്നാലെ പിണറായി വിജയനെയും മമത ബാനര്‍ജിയെയും മോദി ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ദില്ലിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഉയര്‍ന്ന വിവാദം എഎപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതിനിടെ സ്വാതി മലിവാളിൻ്റെ പരാതിയിൽ കെജ്രിവാളിനെ കൂടി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് എഎപിയുടെ ആരോപണം. ഇന്നലെ തൻ്റെ വയോധികരായ മാതാപിതാക്കളെ അന്വേഷണത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മര്‍ദ്ദനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് കെജ്രിവാളിന്റെ വീട്ടിലുണ്ടായിരുന്ന 85 വയസ് പിന്നിട്ട മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കം ദില്ലി പൊലീസ് ഉപേക്ഷിച്ചിരുന്നു.

click me!