
ദില്ലി: രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മുഗൾ ഗാർഡന്റെ പേരുമാറ്റി. ഇനി മുതൽ അമൃത് ഉദ്യാൻ എന്നപേരിലായിരിക്കും അറിയപ്പെടുക. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുന്ന വേളയിലാണ് മുഗൾ ഗാർഡന്റെ പേരുമാറ്റി രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പിൽ അറിയിച്ചത്. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. കൊളോണിയൽ ഓർമകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെ പേരുമാറ്റിയതെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു.
15 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ജനുവരി 31 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രാഷ്ട്രപതി ഭവൻ വളപ്പിലെ മുൻ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയുടെ പേരുകൾ നിലനിർത്തും. പേരുമാറ്റിയതിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, തൃണമൂൽ കോൺഗ്രസും സിപിഐയും വിമർശനവുമായി രംഗത്തെത്തി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam