Latest Videos

'അവരു‌ടെ ദുരവസ്ഥ കണ്ടുനിൽക്കാനാവില്ല'; അസം പ്രളയബാധിതർക്ക് 51 ലക്ഷം രൂപ നൽകി ശിവസേന വിമത എംഎൽഎമാർ

By Web TeamFirst Published Jun 29, 2022, 5:24 PM IST
Highlights

അസമിന്റെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിൽ വലയുമ്പോൾ  സേനാ വിമതർ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിൽ താമസിക്കുന്നുവെന്ന വിമർശനത്തിനിടെയാണ് 51 ലക്ഷം രൂപ സംഭാവന നൽകിയത്.

മുംബൈ: പ്രളയക്കെടുതിയിൽ വലയുന്ന അസം ജനതക്ക് 51 ലക്ഷം രൂപ സംഭാവന നൽകി മഹാരാഷ്ട്രയിലെ ശിവസേന വിമത എംഎൽഎമാർ. ​ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ വിമത എംഎൽഎമാർ താമസിക്കുന്നത്. അസമിന്റെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിൽ വലയുമ്പോൾ  സേനാ വിമതർ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിൽ താമസിക്കുന്നുവെന്ന വിമർശനത്തിനിടെയാണ് 51 ലക്ഷം രൂപ സംഭാവന നൽകിയത്.

ഏക്നാഥ് ഷിൻഡെ 51 ലക്ഷം രൂപ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. അവരുടെ രക്ഷാപ്രവർത്തനത്തിനുള്ള ഞങ്ങളുടെ സംഭാവനയാണ് ഫണ്ട്. ഇവിടെയുള്ള ആളുകളുടെ ദുരവസ്ഥ ഞങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വിമത എംഎൽഎമാരുടെ വക്താവ് ദീപക് കേസാർക്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മുതിർന്ന മന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നിയമസഭാംഗങ്ങളാണ് പാർട്ടിക്കെതിരെ കലാപക്കൊടി ഉയർത്തി മഹാരാഷ്ട്ര വിട്ടത്.

ആദ്യം ​ഗുജറാത്തിലെ സൂറത്തിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. പിന്നീട് ഗുവാഹത്തിയിലേക്ക് മാറി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാറിനോട് വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നേരിടാൻ മഹാരാഷ്ട്ര ഗവർണർ ബി എസ് കോഷിയാരി ആവശ്യപ്പെട്ടതോടെ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് മുംബൈക്ക് സമീപമുള്ള സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചതായി കേസാർകർ പറഞ്ഞു.

വിമത സംഘം ​ഗോവയിലെ ഹോട്ടലിൽ താമസിച്ച് വ്യാഴാഴ്ച രാവിലെ 9.30 ന് മുംബൈയിലെത്തിയേക്കുമെന്ന് ഷിൻഡെയുടെ അടുത്ത സഹായി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. വിശ്വാസവോട്ടെടുപ്പ് നടക്കുകയാണെങ്കിൽ കൃത്യസമയത്ത് എത്താനാണ് അസം വിടുന്നത്. 

click me!