
ദില്ലി: മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. കൊവിഡിനെ തുടർന്ന് നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കൊവിഡ് തരംഗത്തെ തുടർന്ന് രാജ്യത്ത് യാത്രാനിയന്ത്രണം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനുപിന്നാലെ 60 വയസ്സിന് മുകളിലുള്ളവർക്ക് യാത്രയ്ക്കുള്ള അനുവാദം നിഷേധിക്കപ്പെട്ടു. ഇതിനൊപ്പമാണ് മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ തൽക്കാലത്തേക്ക് നിർത്തലാക്കുന്നുവെന്ന് കാണിച്ച് റെയിൽർവേ ഉത്തരവിറക്കിയത്. കൊവിഡിന് ശേഷം ട്രെയിൻ യാത്ര പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും ഇളവ് പുനഃസ്ഥാപിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ബിനോയ് വിശ്വം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‍ണവിന് കത്തയച്ചത്.
മുതിർന്ന പൗരന്മാർ അവരുടെ നല്ല കാലം രാജ്യത്തിന് വേണ്ടി നീക്കി വച്ചവരാണെന്നും അതിനാൽ തന്നെ ആനുകൂല്യം നിഷേധിക്കുന്നത് അവരോടുള്ള അനാദരവാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവൻ നിരക്ക് നൽകി യാത്ര ചെയ്യുന്നത് എല്ലാവർക്കും സാധ്യമല്ല എന്നത് മനസ്സിലാക്കണമെന്നും ട്രെയിൻ യാത്രാ ആനുകൂല്യം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.