
ദില്ലി: വിയറ്റ്നാമിനെ ദുരിതത്തിലാക്കിയ യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം ഇന്ത്യയിലേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിനുള്ള സാധ്യതയേറ്റി യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം. അടുത്ത കാലത്തായി കാലാവസ്ഥാ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കിഴക്കേന്ത്യയിലെ കാലാവസ്ഥാ നിരീക്ഷകരുടേതാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ എന്നിവിടങ്ങളിൽ ലഭിച്ചിരുന്ന മഴ ശക്തമാകാൻ ന്യൂനമർദ്ദം കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വടക്ക് പടിഞ്ഞാറൻ പസഫിക് കടലിൽ രൂപം കൊണ്ട കൊടുങ്കാറ്റായ യാഗി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിച്ചതോടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചൂടേറിയ സമുദ്രജലം ഇത്തരം ചുഴലിക്കാറ്റുകൾ രൂപം കൊള്ളാൻ അനുയോജ്യമായ അന്തരീക്ഷമാണ്. അതിനാൽ തന്നെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ 72 മണിക്കൂർ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.
പശ്ചിമ പസഫിക് മേഖലയിലെല്ലാം തന്നെ ന്യൂന മർദ്ദം സൃഷ്ടിച്ചാണ് യാഗി കൊടുങ്കാറ്റ് വരുന്നത്. സമുദ്രോപരിജലത്തിലെ അന്തരീക്ഷ നില യാഗിയെ എത്തരത്തിൽ സ്വാധീനിക്കുമെന്നത് ആശങ്കയോടെയാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദില്ലിയിലും പരിസര മേഖലകളിലും മഴ ലഭിച്ചിരുന്നു. ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി വിയറ്റ്നാമിൽ 152 പേരുടെ മരണത്തിന് കാരണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam