
ദില്ലി: ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പ് പാടില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ. അനുരഞ്ജനം വിലക്കിക്കൊണ്ട് ഇത്തരം കേസുകളിൽ നിയമഭേദഗതി കൊണ്ടുവരണമെന്ന് കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനാണ് കത്ത് നൽകിയിരിക്കുന്നത്.
അനുരഞ്ജനത്തിനുള്ള അവസരം പരാതിക്കാരായ സ്ത്രീകൾക്ക് മുകളിൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്നും ഇത് പ്രതികൾക്ക് കുറ്റകൃത്യം ചെയ്യാൻ അവസരം ലഭ്യമാക്കുന്നതാണെന്നുമാണ് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്. ലിംഗപരമായ സൈബർ കുറ്റകൃത്യങ്ങളെ ലൈംഗിക അതിക്രമ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈംഗിക അതിക്രമ പരാതികൾ സമർപ്പിക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസത്തിലേക്ക് ഉയർത്തണമെന്നും ആവശ്യമുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ ക്രിമിനൽ കുറ്റമായി കാണണമെന്നും മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളിൽ ഐപിസി 354 വകുപ്പ് പ്രകാരം പരാതിപ്പെടാൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഐപിസി 509 പ്രകാരമാണ് കേസെടുക്കാൻ അനുവാദമുള്ളത്.
മീ ടൂ മൂവ്മെന്റിന്റെ പശ്ചാത്തലത്തിലാണ് ലൈംഗികാതിക്രമ കേസുകളിൽ നിയമം കർശനമാക്കാൻ വനിതാ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശകളിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ രേഖാ ശർമ്മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam