
ദില്ലി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം.
തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർന്ന് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യാൻ ഫെബ്രുവരി അഞ്ചിനാണ് ഉത്തരാഖണ്ഡ് നിയമസഭ ചേരുന്നത്.
2022 മെയിലാണ് മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജൻ പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ അസമിലും ഗുജറാത്തിലും ബിൽ ചർച്ചയ്ക്കെടുത്ത് പാസാക്കാനാണ് ശ്രമം. മൂന്ന് സംസ്ഥാനങ്ങളിലും ബിൽ പാസാക്കുന്നതോടെ ഏകീകൃത സിവിൽകോഡ് സജീവ ചർച്ചയാക്കുകയാണ് ബിജെപി ലക്ഷ്യം. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം.
രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃച്ഛികമല്ല'; വിമർശനവുമായി കെ സുധാകരൻ
നേരത്തെ, ഏകീകൃത സിവിൽ കോഡ് വിഷയം ബിജെപി ഉയർത്തിയപ്പോൾ അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടേതടക്കം അവകാശങ്ങൾ ഇല്ലാതാക്കുമെന്നാണ് വിമർശനം. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നിയമ കമ്മീഷന്‍റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളോടും വിവിധ സംഘടനകളോടും നിയമ കമ്മീഷൻ വിഷയത്തിൽ നേരത്തെ അഭിപ്രായം തേടിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam