
ചെന്നൈ: വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പിരിമുറുക്കത്തിൽ തമിഴ്നാട്. ജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശിച്ചതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഭരണം നിലനിർത്തുമെന്ന് ഡിഎംകെ ആവർത്തിച്ചപ്പോൾ വിജയ്‍യോട് മൃദുസമീപനം പുലർത്തിയത് തിരിച്ചടിയായെന്ന അഭിപ്രായം അണ്ണാഡിഎംകെയിൽ ഉയർന്നു. തമിഴ്നാട്ടിലെ 62 വോട്ടെണ്ണൽ കേന്ദ്രങ്ങളും ഒരുപോലെ പ്രാധാന്യം ഉള്ളതെങ്കിലും നാളെ രാജ്യം ശ്രദ്ധിക്കുന്നത് ചെന്നൈ ലൊയോള കോളേജിലേക്കാകും. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ, വിജയ് സ്ഥാനാർത്ഥിയായ പേരമ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇവിടെയാണ്. രാവിലെ 8ന് പോസ്റ്റൽ വോട്ടുകളും എട്ടരയ്ക്ക് ഇവിഎമ്മും എണ്ണിത്തുടങ്ങും.
ജയിക്കുന്ന ടിവികെ സ്ഥാനാർത്ഥികളെ മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശം നൽകിയതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. നൂറിലേറെ മുറികൾ മാറ്റിവയ്ക്കാനാണ് നിർദേശം. ജയം ഉറപ്പിച്ചാൽ മറ്റെവിടെയും പോകാതെ നേരേ പനയൂരിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തണമെന്നും താൻ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നും വിജയ് കഴിഞ്ഞ ദിവസം ടിവികെ സ്ഥാനാർത്ഥികളോട് പറഞ്ഞിരുന്നു. എഐഎഡിഎംകെയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ടിവികെ പറയുന്നുണ്ടെങ്കിലും ആവശ്യം വന്നാൽ റിസോർട്ട് രാഷ്ട്രീയത്തിനും മടിക്കില്ലെന്നാണ് സൂചന.
തെയ്നാംപോട്ടിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി സ്റ്റാലിൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സഖ്യം 160 സീറ്റ് വരെ നേടുമെന്നാണ് ഇപ്പോഴും ഡിഎംകെ വിലയിരുത്തൽ. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും വിജയ്‍യെ നേരിട്ടെതിർക്കാതിരുന്നത് വീഴ്ചയായെന്ന അഭിപ്രായം എഐഎഡിഎംകെയിൽ ശക്തമാണ്. ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന വിജയ്‍യുടെ വാദത്തെ ഫലപ്രദായി നേതൃത്വം പ്രതിരോധിച്ചില്ല. സഖ്യത്തിൻ്റെ ഭാഗമാകുമെന്ന പ്രതീക്ഷയിൽ വിജയ്‍യെ കയറൂരിവിട്ടെന്ന ആക്ഷേപം തെരഞ്ഞെടുപ്പിൽ തോറ്റാൽ അണ്ണാ ഡിഎംകെയിൽ ശക്തമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam