
ജയ്‌പൂര്‍: രാജസ്ഥാനിലെ പരസംപുര ഗ്രാമത്തിലെ കടകളില്‍ ഇപ്പോള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വസ്‌തു 'താഴും താക്കോലും' ആണ്. സ്വര്‍ണമോ വെള്ളിയോ പോലെ വിലപിടിപ്പുള്ളതെന്തെങ്കിലും പൂട്ടി വയ്‌ക്കാന്‍ വേണ്ടിയല്ല ഗ്രാമീണര്‍ 'താഴും താക്കോലും' വാങ്ങിക്കൂട്ടുന്നത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം ആരും മോഷ്ടിക്കാതിരിക്കാനാണ് അവരുടെ ഈ മുന്‍കരുതല്‍. കാരണം, വെള്ളത്തിന് ഇവിടെ പൊന്നുംവിലയാണ്!
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പരസംപുരയില്‍ പത്ത് ദിവസം കൂടുമ്പോഴാണ് കുടിവെള്ളവിതരണം. ഒരു ടാങ്ക് വെള്ളം വീതമാണ് ഓരോ വീട്ടുകാര്‍ക്കും ലഭിക്കുക. അതുകൊണ്ടുതന്നെ ഇവിടെ വെള്ളം മോഷ്ടിക്കപ്പെടുന്നതും പതിവാണ്. മോഷണത്തെ പ്രതിരോധിക്കാനാണ് കുടിവെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകള്‍ പൂട്ടി വച്ചിരിക്കുന്നത്. കണ്ണുതെറ്റിയാല്‍ ഏതു പൂട്ടും പൊളിക്കാന്‍ മോഷ്ടാക്കള്‍ എത്തുമെന്നുറപ്പുള്ളതിനാല്‍ ചില വീടുകളില്‍ വീട്ടുകാരില്‍ ആരെങ്കിലും സര്‍വ്വനേരവും ഈ ടാങ്കുകള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും.
"വെള്ളം നിറച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍ പൂട്ടിയില്ലെങ്കില്‍ വെള്ളം ആരെങ്കിലും കൊണ്ടുപോകും. ഞങ്ങളുടെ കുട്ടികള്‍ പിന്നെന്ത് കുടിക്കും"- ഗ്രാമവാസിയായ ലാലി ദേവി ചോദിക്കുന്നു. എന്നാല്‍, ഏഴ് ദിവസത്തിലൊരിക്കല്‍ ഇവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം.
ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ് പരസംപുര ഗ്രാമം. കമ്പനിയുടെ ഖനനമേഖലയ്‌ക്കടുത്തുള്ള പരസംപുരയിലേക്ക് കൂടുതല്‍ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യം അവരോട് സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam