
ദിസ്‍പൂർ: ഭാര്യയെയും ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാളെയും ഒരുമിച്ച് വീടിനുള്ളിൽ കണ്ട യുവാവ് രണ്ട് പേരെയും മർദിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലുള്ള കാംപൂരിലാണ് സംഭവം. തുടർന്ന് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ജയന്ത് ദാസ് എന്ന 30കാരനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ ഭാര്യ ഗീതാ റാണി, ഭാസ്‍കർ നാഥ് എന്നിവരാണ് മരിച്ചത്. ഇരുവരും മംഗൽദായിലെ ഒരു സ്കൂളിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അധ്യാപകരാണ്. ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ജയന്ത് ദാസ് ജോലി ആവശ്യാർത്ഥം അവിടെയായിരുന്നു താമസം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഇയാളും ഭാര്യയും താമസിക്കുന്ന വാടക വീടിനടുത്തായിരുന്നു ഭാസ്‍കർ നാഥും വാടകയ്ക്ക് താമസിച്ചിരുന്നത്.
ജോലി സ്ഥലത്തു നിന്ന് ജയന്ത് ദാസ് വീട്ടിലെത്തിയപ്പോൾ ഭാര്യയും ഭാസ്കർ നാഥും വീട്ടിലുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വാദപ്രതിവാദവും തർക്കവുമുണ്ടായി. ഇതിനൊടുവിലാണ് വടി കൊണ്ട് അടിച്ച് ഇരുവരെയും കൊന്നത്. ശേഷം കാംപൂർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഉദ്യോഗസ്ഥരോട് കാര്യം പറയുകയും കീഴടങ്ങുകയുമായിരുന്നു. പൊലീസുകാർ ജയന്തിനെ കസ്റ്റഡിയിലെടുത്തു.
പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങളിൽ പരിശോധന നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഗീതാ റാണിയും ഭാസ്‍കർ നാഥും തമ്മിൽ ദീർഘകാലമായി ബന്ധമുണ്ടായിരുന്നവെന്നും ഇരുവരും നാല് വർഷമായി അടുത്തുള്ള സ്കൂളിൽ ഒരുമിച്ച് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam