
ദില്ലി : ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് (Covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെന്ന് ലോകാരോഗ്യ സംഘടന. സാങ്കേതിക വിദഗ്ധ സമിതി കൊവാക്സിൻ അനുമതി നൽകുന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഡബ്യു എച്ച് ഒ വക്താവ് മാർഗരറ്റ് ഹാരിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാക്സിന് ഉടൻ അംഗീകാരം ലഭിച്ചേക്കുമെന്നും അടിയന്തര ഉപയോഗത്തിനായിരിക്കും വാക്സിന് അനുമതി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രേഖകൾ കൃത്യമായി സമർപ്പിക്കപ്പെടുകയും വിദഗ്ധസമിതിക്ക് തൃപ്തികരമാവുകും ചെയ്താൽ 24 മണിക്കൂറിൽ അംഗീകാരം ലഭിക്കുമെന്നും ഡബ്ല്യൂ എച്ച ഒ വക്താവ് അറിയിച്ചു. ഇന്ത്യ വികസിപ്പിച്ച വാക്സീനായ കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊവാക്സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകിയത്. വാക്സീൻ്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. വാക്സീൻ ഡബ്ല്യൂ എച്ച് ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്ര നടത്താൻ സാധിച്ചിരുന്നില്ല.
അതേസമയം, ആഗോളതലത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാമതാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ വ്യത്യാസം ഒരു കോടിയിൽ അധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ കേസുകളുടെ എണ്ണം രാജ്യത്ത് തുടർച്ചയായി കുറഞ്ഞതാണ് ഈ വ്യത്യാസം കൂടാനുള്ള കാരണം. രാജ്യത്തെ വാക്സിനേഷൻ 100 കോടി കടന്നതും ആശ്വാസം നൽകുന്ന വാർത്തയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam