
ദില്ലി: അമേഠിയിൽ റോബർട്ട് വദ്രക്ക് കോൺഗ്രസ് സീറ്റ് നൽകില്ല. പ്രിയങ്ക അമേഠിയിലും രാഹുൽ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാട് കോൺഗ്രസ് സ്വീകരിച്ചതോടെയാണ് വാദ്രക്ക് വഴിയടഞ്ഞത്. വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും കോൺഗ്രസ് വിലയിരുത്തി. അമേഠിയിൽ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനിൽക്കെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിക്കാനെത്തുമെന്നായിരുന്നു സൂചന.
മത്സരിക്കാൻ റോബർട്ട് വാദ്ര താൽപര്യമറിയിച്ചതോടെയാണ് അഭ്യൂഹമുയർന്നത്. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര വാര്‍ത്താ ഏജൻസിയോട് പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.
Read More... ഭാര്യ സുനിത വഴി നിന്ന് കെജ്രിവാളിന്റെ സന്ദേശം MLA -മാർക്ക്; 'അവർ നമ്മുടെ കുടുംബമാണ്, അവർക്ക് വേണ്ടത് ചെയ്യണം'
അമേഠിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണമെന്നതും ശ്രദ്ധേയമായിരുന്നു. ഇരുമണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്നാകും പ്രകടനപത്രിക പുറത്തിറക്കുക. ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളാകും പ്രകടന പത്രികയുടെയും ഹൈലൈറ്റ്.