
റായ്പൂര്‍: തെരഞ്ഞെടുപ്പ് ചൂടിൽ പൊള്ളി നില്‍ക്കുന്ന ഛത്തീസ്ഗഡിൽ വമ്പൻ വാഗ്ദാനം നൽകി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം സ്ത്രീകള്‍ക്ക് 15,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. ദീപാവലി ദിനത്തിലാണ് ഭൂപേഷ് ബാഗേല്‍ വൻ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന് മുമ്പായി ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി.
ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് 12,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിന് ശേഷം ഗൃഹ ലക്ഷ്മി യോജന പ്രകാരം സംസ്ഥാനത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15,000 രൂപ വാർഷിക സഹായം നൽകുമെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ് നടന്നത്.
നവംബര്‍ 17ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങള്‍ ജനവിധിയെഴുതും. ഛത്തീസ്ഗഡിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഇതില്‍ 14 സീറ്റുകളിലും വിജയിക്കുമെന്നാണ് മുൻ മുഖ്യമന്ത്രി ഡോ. രമൺ സിംഗ് അവകാശപ്പെട്ടത്. ഛത്തീസ്ഗഡിൽ ബിജെപിക്ക് വിജയം നുറുശതമാനം ഉറപ്പാണെന്നും രമൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
ബിജെപി അധികാരത്തിൽ എത്തിയാൽ ആരാണ് മുഖ്യമന്ത്രിയെന്ന് എംഎൽഎമാർ തീരുമാനിക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം നീണ്ട പതിനഞ്ച് വർഷം ബിജെപിയെ നയിച്ച രമൺ സിംഗിന് ആദ്യമായി അടിപതറിയത് 2018 ൽ ഭൂപേഷ് ബാഗേലിന് മുന്നിലായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം വൈകിയാണെങ്കിലും രമൺ സിംഗിനെ തന്നെ മുഖമാക്കിയാണ് ബിജെപി ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്.
തൊപ്പി ഈസ് കമിംഗ്! സ്കൂൾ വിട്ട പോലെ ഒഴുകിയെത്തി കുട്ടികൾ, നാട്ടുകാർ ഇളകി; പിന്നെ നടന്നത്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam