സഹാറ ​ഗ്രൂപ് സ്ഥാപകൻ സുബ്രതോ റോയ് അന്തരിച്ചു 

Published : Nov 15, 2023, 12:47 AM ISTUpdated : Nov 15, 2023, 12:51 AM IST
സഹാറ ​ഗ്രൂപ് സ്ഥാപകൻ സുബ്രതോ റോയ് അന്തരിച്ചു 

Synopsis

ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്.

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സ്വപ്ന റോയി. മക്കൾ സുശാന്ത് റോയ്, സീമന്തോ റോയ്. മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ രോ​ഗങ്ങളെ തുടർന്ന് ആരോ​ഗ്യം മോശമായിരുന്നു. രോ​ഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ​​ഗ്രൂപ് പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തിൽ അനുഭവപ്പെടുമെന്ന് കമ്പനി പറഞ്ഞു. 

1948-ൽ ബീഹാറിലെ അരാരിയയിൽ ജനിച്ച സുബ്രത റോയി സഹാറ ഇന്ത്യ പരിവാർ 1978-ലാണ് ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായി മാറി. പിന്നീട് ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടർന്ന്, 1990-കളിൽ സുബ്രത റോയ് ലഖ്‌നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടർന്ന് കമ്പനി നിരവധി പ്രതിസന്ധികൾ നേരിട്ടു. 

2012-ൽ, സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണം സെബിയും ഹിമാചൽ പ്രദേശ് ഹൈക്കോടതിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് വർഷങ്ങളോളം നിയമപോരാട്ടം നടത്തി. ഒടുവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സഹാറ ഗ്രൂപ്പ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകർക്ക് 45 ദിവസത്തിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന വെബ്‌സൈറ്റ് ഈ വർഷം ആദ്യം തുറന്നു. സഹാറ അഴിമതിയിൽ കുടുങ്ങിയ പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല
​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം