
ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പരാതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ അതൃപ്തയാണെന്ന് ഗുസ്തി താരം സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട്. ബ്രിജ് ഭൂഷൻ സിംഗിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിനു ശേഷം ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. കടന്നു പോകുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിൽ അതൃപ്തിയുണ്ട്. സമിതി രൂപീകരിച്ച ശേഷം അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കായിക താരങ്ങൾക്ക് നീതി ലഭിക്കും വരെ ഇവിടെ തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ദില്ലി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് രണ്ടുദിവസമായി. എഫ് ഐ ആർ എടുത്തില്ലെന്ന് താരങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. രാത്രികാല സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ജന്തർ മന്തറിൽ നിന്നും പിരിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഗുസ്തി താരങ്ങൾ അതിനു തയ്യാറാവാതെ സമരം തുടരുകയായിരുന്നു. നീതി ലഭിക്കും വരെ ജന്തർ മന്തറിൽ തുടരുമെന്നാണ് താരങ്ങൾ വ്യക്തമാക്കിയത്. മേൽനോട്ട സമിതി രൂപീകരിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ലെന്നതടക്കം താരങ്ങളുടെ പരാതികളോട് കായിക മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.