
ദില്ലി: ലോക്‌സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‍വാദി പാർട്ടി എംപി ആവശ്യപ്പെട്ടു. എംപി ആർ.കെ. ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലാണ് ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനയുടെ അംഗീകാരം രാജ്യത്ത് ജനാധിപത്യത്തിന് തുടക്കം കുറിച്ചു. ഭരണഘടനയാണ് രാജ്യത്തിന്റെ പ്രതീകം. ബിജെപി സർക്കാർ കഴിഞ്ഞ കാലത്ത് സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോൽ സ്ഥാപിച്ചു.
രാജാക്കന്മാരുടെ കാലത്തിന് ശേഷം നമ്മൾ സ്വതന്ത്രരായി. ഇപ്പോൾ, പൗരന്മാരാണ് സർക്കാരിനെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ചെങ്കോൽ അവിടെ നിന്ന് മാറ്റി ഭരണഘടനയുടെ പകർപ്പ് 'സ്ഥാപിക്കണമെന്ന് മുൻ ഉത്തർപ്രദേശ് മന്ത്രി ആവശ്യപ്പെട്ടു. 37 സീറ്റുകൾ നേടി ലോക്‌സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് സമാജ്‌വാദി പാർട്ടി. എസ്പി എംപിയുടെ ആവശ്യത്തെ എതിർത്ത് ബിജെപി രംഗത്തെത്തി. ഇന്ത്യൻ ചരിത്രത്തോടും സംസ്‌കാരത്തോടും സമാജ്‌വാദി പാർട്ടിക്ക് ബഹുമാനമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Read More....'അടിയന്തരാവസ്ഥ'യിലെ സ്പീക്കറുടെ പ്രമേയം ശരിയായില്ല, ആദ്യ കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ്
ചെങ്കോലിനെക്കുറിച്ചുള്ള എസ്പി നേതാക്കളുടെ പരാമർശങ്ങൾ അപലപനീയവും അവരുടെ അറിവില്ലായ്മയെയും സൂചിപ്പിക്കുന്നുവെന്നും തമിഴ് സംസ്കാരത്തോടുള്ള ഇന്ത്യാ സഖ്യത്തിന്റെ വെറുപ്പാണ് എംപിയുടെ പരാമർശം കാണിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, എംപിയെ പിന്തുണച്ച് അഖിലേഷ് യാദവ് രംഗത്തെത്തി. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചെങ്കോല്‍ വണങ്ങാന്‍ പ്രധാനമന്ത്രി മറന്നെന്നും പ്രതിപക്ഷമാണ് ഓര്‍മിപ്പിച്ചതെന്നും അഖിലേഷ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോറും സമാജ്‌വാദി പാർട്ടി എംപിയെ പിന്തുണച്ചു. ആർജെഡി എംപിയും ലാലു പ്രസാദ് യാദവിൻ്റെ മകളും മിസ ഭാരതിയും പിന്തുണയുമായി രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam