
കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ അവതരണവേളയിൽ ലോക്സഭയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിനെതിരെ വിമർശനവുമായി സമസ്ത നേതാക്കൾ. സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് പ്രിയങ്കയ്ക്ക് വയനാട് നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നൽകിയത്. തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണെന്നും സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റിയംഗമായ സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു.
അതേസമയം പ്രിയങ്ക ഗാന്ധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിദേശത്തായതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ചികിത്സയിലുള്ള അടുത്ത ബന്ധുവിനെ കാണാനാണ് പ്രിയങ്ക പോയതെന്നും വിദേശയാത്രക്ക് പ്രിയങ്ക ഗാന്ധിക്ക് പാർട്ടി അനുമതി നൽകിയിരുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിപ്പ് നൽകിയപ്പോഴും ഇക്കാര്യം പ്രിയങ്ക അറിയിച്ചിരുന്നെന്നും യാത്രക്ക് ലോക്സഭ സ്പീക്കർ അനുമതി നൽകിയിരുന്നുവെന്നും കോൺഗ്രസ് വിശദീകരിച്ചു.
വഖഫ് ചര്‍ച്ചക്ക് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായി, വിമര്‍ശനവുമായി സുപ്രഭാതം
അതേസമയം ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതവും വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ചു. വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്നാണ് സുപ്രഭാതം മുഖപ്രസംഗം വിലയിരുത്തുന്നത്. മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ബി ജെ പി ബുൾഡൊസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനിൽക്കും. പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയർന്നു നിൽക്കും. ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റു നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam