
ദില്ലി: സംഭലിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഷൻ്റ് ചെയ്തു. സംഭൽ ആക്രമണത്തിൽ ജയിലിൽ കഴിയുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അവസരം ഒരുക്കിയതിനാണ് സസ്പെൻഷൻ. മോറാദാബാദ് ജയിലിലെ ജയിലർ വിക്രം സിംഗ് യദാവ്, ഡെപ്യൂട്ടി ജയിലർ പ്രവീൺ സിംഗ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് സമാജ് വാദി പാർട്ടി നേതാക്കൾ ജയിലിൽ സന്ദർശനം നടത്തിയത്.
അതേസമയം, സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല.
പൊലീസ് അനുമതി നൽകാത്തതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കള്‍ അതിര്‍ത്തിയിൽ നിന്ന് മടങ്ങി. രണ്ട് മണിക്കൂറും15 മിനുട്ടും അതിര്‍ത്തിയിൽ കാത്തുനിന്നശേഷമാണ് നേതാക്കള്‍ മടങ്ങിയത്. പ്രതിപക്ഷ നേതാവിന്‍റെ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിന്‍റെ ഭരണഘടനാ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.
സ്ഥലത്ത് നിന്ന് മടങ്ങുകയാണെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. ഗതാഗതം പോലും തടഞ്ഞു പൊലീസ് ബുദ്ധിമുട്ടിക്കുകയാണ്. പോയി പിന്നീട് വരനാണ് പറയുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്‍റെ നിയന്ത്രണത്തെ തുടര്‍ന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നത്. ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ് യുപി പൊലീസ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പായി രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ രാഹുലിന് പിന്തുണ അറിയിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam