
ദില്ലി: സംഘർഷമുണ്ടായ ഉത്തർ പ്രദേശിലെ സംഭലിലേക്ക് പോയ മുസ്ലീം ലീഗ് എംപിമാരെ യുപി പൊലീസ് വഴിയിൽ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി സംഭലിൽ നിന്ന് 120 കിലോമീറ്റർ അകലെ ഹാപൂരിൽ തടഞ്ഞാണ് എംപിമാരെ പൊലീസ് മടക്കി അയച്ചത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എംപിമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജമാ മസ്ജിദിലെ സർവേയെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ട സംഭലിലെത്തി ഇരയായവർക്ക് നിയമസഹായം നൽകാനായിരുന്നു ലീഗ് എംപിമാരുടെ ശ്രമം. ഇടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ, എന്നിവരും തമിഴ്നാട്ടിൽ നിന്നുള്ള എംപിയായ നവാസ് ഗനിയുമാണ് ദില്ലിയിൽ നിന്നും ഉച്ചയ്ക്ക് പുറപ്പെട്ടത്. മൊറാദാബാദിലെ മുസ്ലീം ലീഗ് പ്രവർത്തകർക്കൊപ്പം സംഘർഷ ബാധിതരെ കാണുമെന്ന് അധികൃതരെ സംഘം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ദില്ലി അതിർത്തി കഴിഞ്ഞ് ഹാപൂരിലെ ടോൾപ്ലാസയ്ക്ക് സമീപം യുപി പൊലീസിന്റെ അൻപതംഗ സംഘ എംപിമാരെ തടഞ്ഞു. 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയിലേക്ക് പോകാനനുവദിക്കില്ലെന്നും, മടങ്ങി പോകണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. മുന്നോട്ട് പോകാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. സംഭലിൽ നിന്നും നാല്പത് കിലോമീറ്റർ ഇപ്പുറമുള്ള മൊറാദാബാദിലേക്ക് പോകണമെന്ന ആവശ്യവും അനുവദിച്ചില്ല. .
നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ വീണ്ടും പോകാൻ ശ്രമിക്കുമെന്നും, സംഘർഷ ബാധിതരെ ദില്ലിയിലെത്തിച്ച് നിയമസഹായം നൽകുമെന്നും എംപിമാർ പറഞ്ഞു. അതേസമയം കേസിൽ പ്രതിചേർത്ത സംഭൽ എംപി സിയ ഉർ റഹ്മാനെ യുപി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 30 ന് ഹാജരാകാനാണ് നിർദേശം. തനിക്കെതിരെയുള്ളത് കള്ളകേസെന്നും ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും സിയ ഉർ റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam