'രാംദേവ് യോ​ഗിയല്ല, യോ​ഗ ​ഗുരു മാത്രം'; രാംദേവിനെ വിമര്‍ശിച്ച് ബീഹാർ ബിജെപി അധ്യക്ഷൻ

By Web TeamFirst Published May 27, 2021, 12:30 PM IST
Highlights

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. 

പട്‌ന: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വിവാദത്തിലായ യോ​ഗ ​ഗുരു ബാബാ ​രാംദേവിനെ വിമർശിച്ച് ബീഹാര്‍ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‌സ്വാള്‍. ഒരു യോ​ഗിയുടെ അച്ചടക്കം ഇല്ലാത്ത വ്യക്തിയാണ് രാംദേവ് എന്ന് അദ്ദേഹം പറഞ്ഞു. രാംദേവ് യോ​ഗ ​ഗുരുവാണ്. ​യോ​ഗയെക്കുറിച്ചുള്ള പാണ്ഡിത്യത്തിൽ അദ്ദേഹത്തെ ആർക്കും മാറ്റി നിർത്താൻ സാധിക്കില്ല. എന്നാൽ തീർച്ചയായും ഒരു യോ​ഗിയല്ല. തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കർശനമായി നിയന്ത്രിക്കാൻ കഴിവുള്ള ആളാണ് യോ​ഗി. സജ്ഞയ് ജസ്വാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

യോ​ഗക്ക് വേണ്ടിയുള്ള രാംദേവിന്റെ പ്രവർത്തനങ്ങളെ കൊക്കോകോളയോട് താരതമ്യപ്പെടുത്താം. ശീതളപാനീയങ്ങളോട് കൊക്കോ കോള ചെയ്തതുപോലെയാണ് യോ​ഗയോട് രാംദേവ് ചെയ്തതെന്നും ജയ് സ്വാള്‍ പറഞ്ഞു. ഇന്ത്യക്കാർ കാലങ്ങളായി പരമ്പരാ​ഗത പാനീയങ്ങൾ ഉപയോ​ഗിക്കുന്നവരാണ്. എന്നാൽ കൊക്കൊകോളയുടെ വരവിന് ശേഷം എല്ലാ വീടുകളിലും പെപ്സിയുടെയും കൊക്കോകോളയുടെയും കുപ്പികളാണ് നിറഞ്ഞിരിക്കുന്നതെന്നും ജയ്സ്വാൾ അഭിപ്രായപ്പെട്ടു. 

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. നേരത്തെ കൊവിഡിനെതിരെ ബാബാ രാംദേവിന്റെ പതഞ്ജലി കൊറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയതും വിവാദമായിരുന്നു.

അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!