
ദില്ലി: വിവാദമായ മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇഡിക്ക് പരമോന്നത കോടതിയിൽ തിരിച്ചടിയുണ്ടായത്. ഇഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു. മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇഡി ആരോപിച്ച നിലയിൽ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിര്‍ണായകമായി. ജാമ്യത്തിലിറങ്ങുന്ന സഞ്ജയ് സിങിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നും ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയ കാര്യ സമിതി അംഗമായ സഞ്ജയ് സിങ് രാജ്യസഭാംഗവുമാണ്. കേസിൽ അറസ്റ്റിലായ നാല് മുതിര്‍ന്ന എഎപി നേതാക്കളിൽ ജയിൽ മോചിതനാകുന്ന ആദ്യത്തെ നേതാവാണ് ഇദ്ദേഹം. മദ്യനയക്കേസ് രാഷ്ട്രീയ വേട്ടയെന്ന് ആരോപിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ച് സഞ്ജയ് സിങിന്റെ മടങ്ങിവരവ് ആശ്വാസവും ആവേശവുമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam