
ഛത്തിസ്ഗഡ്: ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടി എസ്ബിഐയിലെ ക്ലർക്ക് മുങ്ങിയെന്ന് പരാതി. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിവരം. ആയുഷ്കാല സമ്പാദ്യം മുഴുവൻ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായെന്ന് പരിഭ്രാന്തരായി ബാങ്കിലെത്തിയ നൂറു കണക്കിന് ഉപഭോക്താക്കൾ പറഞ്ഞു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സാദിഖ് ബ്രാഞ്ചിലാണ് വൻ തട്ടിപ്പ് നടന്നത്.
ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉൾപ്പെടെ പിൻവലിച്ചാണ് ക്ലർക്ക് മുങ്ങിയത്. അക്കൗണ്ടുകളിൽ സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. രേഖകൾ പരിശോധിച്ച ബാങ്ക് ഉദ്യോഗസ്ഥർ നിരവധി അക്കൗണ്ടുകളിൽ നിന്ന് വൻ തുകകൾ കാണാതായെന്ന് സ്ഥിരീകരിച്ചു. ബാങ്കിലെ അമിത് ധിംഗ്ര എന്ന ക്ലർക്കാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇയാൾ നിലവിൽ ഒളിവിലാണ്.
തങ്ങളറിയാതെ ഫിക്സഡ് ഡിപ്പോസിറ്റുകൾ പിൻവലിച്ചുവെന്നും നോമിനിയുടെ പേര് മാറ്റിയെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. പലരുടെയും ഫോണ്‍ നമ്പറുകളും മാറ്റിയിട്ടുണ്ട്. ഭൂട്ട സിങ് എന്നയാളാണ് തന്‍റെ അക്കൌണ്ടിലെ നാല് ലക്ഷം കാണാനില്ലെന്ന് ആദ്യമായി പരാതിപ്പെട്ടത്. പരംജിത് കൗർ എന്നയാൾ പറഞ്ഞത് ജോയിന്റ് എഫ്.ഡിയിലെ 22 ലക്ഷം രൂപയും നഷ്ടമായെന്നാണ്. മറ്റൊരു ഉപഭോക്താവായ സന്ദീപ് സിങിന്‍റെ 4 ലക്ഷം വീതമുള്ള നാല് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ അവശേഷിക്കുന്നത് 50000 രൂപ വീതം മാത്രമാണ്. ഇതോടെയാണ് ബാങ്ക് അധികൃതർ പരിശോധന നടത്തിയത്. ഏതെല്ലാം അക്കൌണ്ടുകളിൽ നിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്ന് പരിശോധിച്ച് വരികയാണെന്നും ഉപഭോക്താക്കളുടെ പണം നഷ്ടമാകില്ലെന്നും ബാങ്ക് അധികൃതർ ഉറപ്പ് നൽകി.
സാദിഖ് ബ്രാഞ്ചിലെ ഫീൽഡ് ഓഫീസറായ സുശാന്ത് അറോറ, താൻ അടുത്തിടെയാണ് ഈ ബ്രാഞ്ചിൽ എത്തിയതെന്നും ഉപഭോക്താക്കൾ പരാതി ഉന്നയിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്നും പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അമിത് ധിംഗ്രക്കെതിരെ കേസെടുത്തെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയെന്നും സാദിഖ് പൊലീസ് പറഞ്ഞു.
അക്കൗണ്ടുകൾ കാലിയായെന്ന് അറിഞ്ഞതോടെ ഉപഭോക്താക്കൾ പരിഭ്രാന്തരായി ബാങ്കിൽ എത്തി. പ്രായമായവരും സ്ത്രീകളും പൊട്ടിക്കരഞ്ഞു. ആയുഷ്കാല സമ്പാദ്യം ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായെന്ന് അവർ പറഞ്ഞു.