
ദില്ലി: രാജ്യത്തേറെ ചർച്ചയായ ഹാഥ്റസിലെ ദളിത് യുവതിയുടെ കൊലപാതകത്തിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട്. അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൻ്റെ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം പൂർത്തിയായ ശേഷം കേസിൻ്റെ വിചാരണ ദില്ലിക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിൻ്റേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്ററൽ ജനറൽ തുഷാർ മേത്ത ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിൻ്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam