ഷഹീന്‍ബാഗ് പ്രതിഷേധം; മധ്യസ്ഥ സംഘം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

By Web TeamFirst Published Feb 24, 2020, 12:46 PM IST
Highlights

ഷഹീൻ ബാഗ് റോഡ് ഉപരോധത്തിന് എതിരായ ഹർജി മറ്റന്നാൾ പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. മധ്യസ്ഥസംഘത്തിന്‍റ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷമാകും ഹര്‍ജി ഇനി പരിഗണിക്കുക.

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗില്‍ പ്രതിഷേധിക്കുന്നവരുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി നിയമിച്ച സാധന രാമചന്ദ്രൻ, സഞ്ജയ്‌ ഹെഗ്‌ഡെ എന്നിവര്‍ സുപ്രീം കോടതിയില്‍  മുദ്രവെച്ച കവറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമരക്കാരുമായി നാല് തവണ ചർച്ച നടത്തിയ ശേഷമാണ് സംഘം റിപ്പോർട്ട്‌ സമര്‍പ്പിച്ചത്. അതിനിടെ ഷഹീൻ ബാഗ് റോഡ് ഉപരോധത്തിന് എതിരായ ഹർജി മറ്റന്നാൾ പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. മധ്യസ്ഥസംഘത്തിന്‍റ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷമാകും ഹര്‍ജി ഇനി പരിഗണിക്കുക.

ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും, അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് - നോയ്‍ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. മധ്യസ്ഥ സംഘത്തിലെ മറ്റൊരു അംഗമായ വജാഹത്ത് ഹബീബുള്ള കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും ഷഹീന്‍ ബാഗിനോട് ചേര്‍ന്ന അഞ്ച് സമാന്തര റോഡുകള്‍ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നുമായിരുന്നു ഹബീബുള്ളയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സമരപ്പന്തലിനോട് ചേര്‍ന്ന ഒന്പതാം നന്പര്‍ കാളിന്തി കുഞ്ച് നോയിഡാ റോഡ് സമരക്കാര്‍ തന്നെ തുറന്നുകൊടുത്തിരുന്നു. 
 

click me!