
ബാംഗളൂർ: തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയെ സധൈര്യം നേരിട്ട് പന്ത്രണ്ടുകാരി. ബാംഗളൂരിലെ ചാമരാജ്‌പേട്ട് മൈസൂര്‍ സര്‍ക്കിളിലാണ് സംഭവം. ധൈര്യം കൈവിടാതെ പീഡനശ്രമത്തെ ചെറുത്ത് കുട്ടി അക്രമിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഏഴാം ക്ലാസുകാരിയായ പെൺകുട്ടി ട്യൂഷന് പോകവേയാണ് ആക്രമണം നടന്നത്. എംഎന്‍ ലെയ്‌നിലെ ശിവാലയ ലോഡ്ജിന് സമീപം എത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ കുട്ടിയുടെ അടുത്തുവന്നു. തന്നെ അച്ഛന്‍ പറഞ്ഞയച്ചതാണെന്നും കൂട്ടിക്കൊണ്ട് പോകാനാണ് വന്നതെന്നും ഇയാൾ കുട്ടിയെ ധരിപ്പിച്ചു. എന്നാൽ കുട്ടി ഓട്ടോയിൽ കയറാൻ കൂട്ടാക്കിയില്ല.
ഇതോടെ ഇയാൾ ബലം പ്രയോഗിച്ച് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ഥലത്ത് കള്ളന്മാരുണ്ടെന്നും സ്വര്‍ണാഭരണങ്ങള്‍ ഊരിത്തരാനും ആവശ്യപ്പെട്ടു. കുട്ടി ഇത് അനുസരിച്ചു. എന്നാൽ, വസ്ത്രം ഊരിമാറ്റാൻ ശ്രമിച്ചതോടെ ഇയാളെ തള്ളിമാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടുന്നതിനിടെ വഴിയിൽ വച്ച് പൊലീസിനെ കാണുകയും നടന്ന സംഭവങ്ങൾ വിവരിക്കുകയും ചെയ്തു. ഉടൻ പൊലീസ് കുട്ടിയെ സ്റ്റേഷനിൽ എത്തിക്കുകയും അച്ഛനെ വിവരം അറിയിക്കുകയുമായിരുന്നു.
'എന്റെ പേര് പറഞ്ഞതുകൊണ്ടാണ് മകള്‍ ഓട്ടോറിക്ഷയില്‍ ഇരുന്ന് ഒച്ചവെക്കാതിരുന്നത്. ഭാഗ്യവശാൽ, അവൾ പരിക്കുകളില്ലാതെ വീട്ടിലേക്ക് മടങ്ങിയെത്തി. സംഭവത്തിൽ പൊലീസ്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു എന്ന് മകള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതാദ്യമായല്ല ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് തന്റെ അയല്‍വാസിയുടെ മകളും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടു'- പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.
35- 40 വയസ് തോന്നിക്കുന്ന ആളാണ് കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാൾക്കെതിരെ പോക്‌സോ കേസ് എടുത്തിട്ടില്ല. പരാതിയില്‍ പീഡന ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. തട്ടിക്കൊണ്ടുപോകലിനും കവര്‍ച്ചയ്ക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam