
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികളുടെ നാടകം അവതരിപ്പിച്ചതിന് വടക്കൻ കർണാടകയിൽ സ്കൂൾ അടച്ചുപൂട്ടി സീൽ ചെയ്തു. ബിദാർ ജില്ലയിലെ ഷാപുർ ഗേറ്റിലുള്ള സ്കൂളാണ് സീൽ ചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പലിനും സ്കൂൾ മാനേജ്മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ന്യൂ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സെക്ഷന് 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജനുവരി 21ന് സ്കൂൾ വാർഷികദിനത്തിലായിരുന്നു വിദ്യാർഥികൾ നാടകം അവതരിപ്പിച്ചത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് പ്രധാനമന്ത്രിയെ അടക്കം വിമർശിക്കുന്ന രീതിയിൽ നാടകം കളിച്ചത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നീലേഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.
സ്കൂൾ കൺട്രോൾ റൂം തിങ്കളാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട്, എസ്ഐ അടക്കമുള്ളവരാണ് സ്കൂൾ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും പോലീസ് ചോദ്യം ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, പോലീസ് നടപടിക്കെതിരെ സ്കൂൾ മാനേജ്മെന്റും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും പോലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ തൗസീഫ് മഡികെരി പറഞ്ഞു.
നാടകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സ്കൂൾ ജീവനക്കാരുടെയോ മാനേജ്മെന്റോ വിദ്യാർഥികളോടു യാതൊന്നും നിർദേശിച്ചിട്ടില്ല. കുട്ടികൾ അവരുടെ രക്ഷിതാക്കളുടെ സഹായത്തോടെയാണ് നാടകം കളിച്ചതെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam