ഏഴ് ജില്ലകളിലും പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഗണേശപുരം സബ്‍വേ അടച്ചു; മഴ ദുരിതത്തിൽ തമിഴ്നാട്

Published : Dec 03, 2025, 08:27 AM IST
 Chennai Rain

Synopsis

തമിഴ്നാട്ടിൽ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 13 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ചെന്നൈയിൽ ഗണേശപുരം സബ്‍വേ അടച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ മുകളിലേക്ക് വീടിന്‍റെ ചുവരിടിഞ്ഞു വീണു.

ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈയിൽ അടക്കം വ്യാപക മഴ. ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. ഏഴ് ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 13 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ചെന്നൈയിൽ ഗണേശപുരം സബ്‍വേ അടച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ മുകളിലേക്ക് വീടിന്‍റെ ചുവരിടിഞ്ഞു വീണു. ചെന്നൈയിൽ ഇന്ന് കോർപറേഷന്‍റെ മെഡിക്കൽ ക്യാമ്പ് നടക്കും.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, വില്ലുപുരം, കല്ലക്കുറിച്ചി, കടലൂർ ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പുതുച്ചേരിയിലെ സ്കൂളുകൾക്കും അവധിയാണ്. ചെന്നൈയിൽ നിലവിൽ ഇരുപതിലധികം ജില്ലകളിൽ മഴ പെയ്യുകയാണ്. തിങ്കളാഴ്ച മുതൽ ഗണേശപുരം സബ്‍വേയിൽ കഴുത്തറ്റം വെളളമുണ്ടായിരുന്നു. തുടർന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റാൻ ശ്രമം നടന്നെങ്കിലും വീണ്ടും കനത്ത മഴ പെയ്തതോടെയാണ് സബ്‍വേ അടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിൽ വ്യാപകമായി കനത്ത മഴ പെയ്യുന്നുണ്ട്. ഡിറ്റ്‍വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനം കാരണം തുടങ്ങിയ മഴ തമിഴ്നാട്ടിൽ ഇപ്പോഴും തുടരുകയാണ്.

ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട്

തുടർച്ചയായ കനത്ത മഴയെ തുടന്ന് ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ന്യൂനമർദ്ദം കാരണം ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഇന്നും വ്യാപകമായ മഴ പെയ്യുന്നുണ്ട്. ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും തിരുപ്പൂർ, തേനി, ദിണ്ടിഗൽ, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, സേലം, നാമക്കൽ ജില്ലകളിൽ ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ചെന്നൈയിലെ കനത്ത മഴയെത്തുട‌ർന്ന് ഇന്നലെ പുറപ്പെടേണ്ട 6 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. റദ്ദാക്കിയവയിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദം ആയി. നിലവിൽ ചെന്നൈ തീരത്തിനു 40 കിലോമീറ്റർ കിഴക്കായി തുടരുകയാണ്. ചെന്നൈയിലും സമീപ ജില്ലകളിലും അടുത്ത 24 മണിക്കൂറിൽ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതി വിലയിരുത്തി.

PREV
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്