കൊവിഡ് 19: ദില്ലിയിലെ സ്കൂളുകളും ‌ കോളേജുകളും തിയേറ്ററുകളും അടച്ചു

By Web TeamFirst Published Mar 13, 2020, 10:07 AM IST
Highlights

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആൾക്കൂട്ടങ്ങളുണ്ടാകാൻ‌ സാധ്യതയുളള എല്ലാ ഇടങ്ങളിൽ നിന്നും വിട്ടുനില്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാൻ ദില്ലി സർക്കാർ ഉത്തരവിട്ടു. ഈ മാസം ആദ്യം ദില്ലിയിലെ എല്ലാ പ്രൈമറി സ്കൂളുകൾക്കും അവധി നൽകിയിരുന്നു. വൈറസ് ബാധ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി ഇക്കാലയളവിൽ എല്ലാ തിയേറ്ററുകളും അടച്ചിടാനും ഉത്തരവിൽ പറയുന്നു.  

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദില്ലിയിലെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. 500 കിടക്കകള്‍ പുതുതായി സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യതലസ്ഥാനത്ത് ആറു പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആൾക്കൂട്ടങ്ങളുണ്ടാകാൻ‌ സാധ്യതയുളള എല്ലാ ഇടങ്ങളിൽ നിന്നും വിട്ടുനില്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

ലോകാരോ​ഗ്യ സംഘടന കൊവിഡ് 19 മഹാവ്യാധിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ വിദേശ യാത്ര നടത്താൻ പാടില്ലെന്ന് പ്രധാനമന്ത്രി മോദി കേന്ദ്രമന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

click me!