ഇന്ത്യയില്‍ പശുക്കള്‍ അനുഭവിക്കുന്നത്‌ കടുത്ത മാനസികസംഘര്‍ഷമെന്ന്‌ പഠനറിപ്പോര്‍ട്ട്‌

By Web TeamFirst Published May 20, 2019, 7:16 PM IST
Highlights

പ്രായാധിക്യം, ഗുണമേന്മയില്ലാത്ത തീറ്റ, വൃത്തിഹീനമായ തറ, സ്ഥലപരിമിതി തുടങ്ങിയവയെല്ലാം ഗോശാലകളില്‍ കഴിയുന്ന പശുക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.

ഹൈദരാബാദ്‌: ഇന്ത്യയില്‍ വിവിധ ഗോശാലകളില്‍ കഴിയുന്ന പശുക്കള്‍ അനുഭവിക്കുന്നത്‌ കടുത്ത മാനസികസംഘര്‍ഷമെന്ന്‌ പഠനറിപ്പോര്‍ട്ട്‌. ഇത്‌ പശുക്കളുടെ ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആനിമല്‍സ്‌ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായാധിക്യം, ഗുണമേന്മയില്ലാത്ത തീറ്റ, വൃത്തിഹീനമായ തറ, സ്ഥലപരിമിതി തുടങ്ങിയവയെല്ലാം ഗോശാലകളില്‍ കഴിയുന്ന പശുക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. രാജ്യത്തെ 54 ഗോശാലകളിലെ 549 പശുക്കളില്‍ നടത്തിയ പഠനം അടിസ്ഥാനപ്പെടുത്തിയാണ്‌ റിപ്പോര്‍ട്ട്‌. പഠനത്തിന്‌ തെരഞ്ഞെടുത്ത പശുക്കളെല്ലാം 11 വയസ്സ്‌ പ്രായമുള്ളതും കറവ വറ്റിയവയുമായിരുന്നു.

പശുക്കളുടെ രോമമാണ്‌ പഠനത്തിനായി ഉപയോഗിച്ചത്‌. ശേഖരിച്ച രോമങ്ങളില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ്‌ കൂടുതലാണെന്ന്‌ പഠനത്തില്‍ കണ്ടെത്തി. മാനസികസംഘര്‍ഷമുണ്ടാകുമ്പോള്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ കോര്‍ട്ടിസോള്‍. രോമത്തിലാണ്‌ ഇത്‌ അടിഞ്ഞുകൂടുന്നത്‌.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യുലാര്‍ ബയോളജിയിലെ ഡോ ജി ഉമാപതി, ഡോ.വിനോദ ്‌കുമാര്‍, ഹിമാചല്‍ വെറ്റിനറി യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ അരവിന്ദ്‌ ശര്‍മ്മ, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ക്ലൈവ്‌ ഫിലിപ്‌സ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പഠനം നടത്തിയത്‌.

click me!