
ചെന്നൈ: തമിഴ്നാട്ടിൽ സിപിഎം മത്സരിക്കുന്ന ദിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിൽ എതിരാളി എസ്ഡിപിഐ. എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ദിണ്ടിഗലിൽ എസ്ഡിപിഐ മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിലാണ് സിപിഎമ്മിന്റെ മത്സരം. കോയമ്പത്തൂർ സീറ്റ് സിപിഎമ്മിൽ നിന്ന് ഏറ്റെടുത്തതിന് പകരമാണ് ഡിഎംകെ, ദിണ്ടിഗൽ സീറ്റ് നൽകിയത്. ജില്ലാ സെക്രട്ടറി ആർ സച്ചിദാനന്ദമാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. എഐഎഡിഎംകെയുമായുള്ള സഖ്യം പാർട്ടിയെ സഹായിക്കുമെന്ന് എസ്ഡിപിഐ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ എഐഎഡിഎംകെ എൻഡിഎ സഖ്യത്തിലായിരുന്നു. എന്നാൽ, എഐഎഡിഎംകെ എൻഡിഎ വിട്ടതിന് ശേഷമാണ് സഖ്യമുണ്ടാക്കിയതെന്നും എസ്ഡിപിഐ നേതാക്കൾ പറയുന്നു. എഐഎഡിഎംകെയുടെ നിലവിലെ നയങ്ങളാണ് നോക്കുന്നത്, ഭൂതകാലമല്ല. സഖ്യകക്ഷികളുടെ ഭൂതകാലം കുഴിച്ചുനോക്കിയാൽ പല പാർട്ടികളും ആശയക്കുഴപ്പത്തിലാകും. 1977ലെ തിരഞ്ഞെടുപ്പിൽ ജനസംഘത്തിൻ്റെ സഖ്യകക്ഷിയായിരുന്നു സിപിഎമ്മെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൾ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐയുടെ സഖ്യം എഐഎഡിഎംകെയുടെ എൻഡിഎയിലേക്കുള്ള തിരിച്ചുപോക്ക് ഏറെക്കുറെ അസാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിണ്ടിഗലിൽ എഐഎഡിഎംകെയുടെ ചിഹ്നത്തിലായിരിക്കും എസ്ഡിപിഐ മത്സരിക്കുക. ചിഹ്നം രജിസ്റ്റർ ചെയ്ത് ലഭിക്കാത്തതാണ് എഐഎഡിഎംകെ ചിഹ്നത്തിൽ മത്സരിക്കാൻ കാരണം. ലോക്സഭാ തെരഞ്ഞെടുപ്പിനായി എസ്ഡിപിഐ ഇതുവരെ 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാക്കി സീറ്റുകളിലേക്കുള്ളവ ഒരാഴ്ചക്കകം പ്രഖ്യാപിക്കും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒമ്പത് സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് എസ്ഡിപിഐയുടെ ലക്ഷ്യം. അതിനാൽ, ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പല സീറ്റുകളിലും എസ്ഡിപിഐ മത്സരിക്കില്ലെന്നും മജീദ് ഫൈസി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam