
ദില്ലി: ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയതിന് വിവാദ ആള്‍ദൈവത്തിനെതിരെ കേസെടുത്ത് ദില്ലി പൊലീസ് . വിവാദ ആള്‍ദൈവം ദാത്തി മഹാരാജിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെക്കന്‍ ദില്ലിയിലെ ശനിധാം ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയതിനാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാത്തി മഹാരാജും അനുയായികളും ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പ്രാര്‍ഥന സംഘടിപ്പിക്കുകയും ആള്‍ദൈവം കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത് ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ആള്‍ദൈവത്തിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തന്റെ കീഴിലുള്ള സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ദാത്തി മഹാരാജ്.