'എന്നെ കശ്മീരിലേക്ക് അയക്കൂ, ഞാന്‍ അവരോട് സംസാരിക്കാം'; കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് മമതാ ബാനര്‍ജി

By Web TeamFirst Published Aug 15, 2019, 10:33 PM IST
Highlights

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി തന്നെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മനസ്സുകൊണ്ട് അവര്‍ക്കൊപ്പമാണെങ്കിലും തനിക്ക് ഒന്നും ചെയ്യാനായില്ല.

കൊല്‍ക്കത്ത: ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് കശ്മീരികളോട് സംസാരിക്കാന്‍ തയ്യാറാണെന്നും തന്നെ കശ്മീരിലേക്ക് അയക്കൂ എന്നും മമത പറഞ്ഞു. സ്വാതന്ത്രദിന പ്രസംഗത്തിനിടെയായിരുന്നു മമതയുടെ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി തന്നെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മനസ്സുകൊണ്ട് അവര്‍ക്കൊപ്പമാണെങ്കിലും തനിക്ക് ഒന്നും ചെയ്യാനായില്ല. എന്താണ് സംഭവിക്കുന്നതെന്ന് കശ്മീരികള്‍ക്ക് ഇപ്പോഴും അറിയില്ല. മറ്റാരും അവിടേക്ക് പോകുന്നില്ലെങ്കില്‍ തന്നെ കശ്മീരിലേക്ക് അയക്കണമെന്നും സമാധാനപരമായി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

'ഞാന്‍ കശ്മീരിനെ സ്‌നേഹിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 ന്റെ മെറിറ്റിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. പക്ഷേ അത് നടപ്പിലാക്കിയ രീതി തെറ്റാണെന്ന് ഞാന്‍ വീണ്ടും പറയുകയാണ്. തികച്ചും തെറ്റായ രീതിയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്'- മമത വ്യക്തമാക്കി.
 

click me!