
കോയമ്പത്തൂർ: കോളേജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികളായ 13 പേർക്ക് സസ്പെൻഷൻ. കോയമ്പത്തൂരിലെ തിരുമാലയംപാളത്തെ കാളിയപുരത്തുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം. എംഎ ക്രിമിനോളജി വിദ്യാർത്ഥിക്ക് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
ഞായറാഴ്ച രാവിലെ മർദ്ദന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. നെഹ്റു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ബിരുദാന്തര ബിരുദ വിദ്യാർത്ഥിയായ ഹാഥിക്ക് നേരെയാണ് മർദ്ദനമുണ്ടായത്. എൻജിനിയറിംഗ് വിവിധ ബ്രാഞ്ചുകളിലെ 13 വിദ്യാർത്ഥികളാണ് അക്രമത്തിന് പിന്നിൽ. ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തടഞ്ഞുവച്ച ക്രൂരമായി ആക്രമിച്ച് വീഡിയോ പകർത്തുകയായിരുന്നു.
വിവരം പുറത്ത് വന്നതിന് പിന്നാലെ തന്നെ കോളേജ് അധികൃതർ 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. റാഗിംങുമായി ബന്ധമുള്ളതല്ല അക്രമമെന്നാണ് കോളേജ് അധികൃതർ വിശദമാക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥി അടക്കമുള്ളവർ തിങ്കളാഴ്ച കോളേജ് മാനേജ്മെന്റിന് മുൻപാകെ എത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മധുക്കരൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാം ഡി, തിരുസെൽവം ആർ, ഭരകുമാർ ആർ, അഭിഷേക് ൺം, ദിലീപൻ ജെ, രാഹുൽ വി, ലോഹേശ്വരൻ ഡി, നീലകണ്ഠൻ ആർ, അദ അലിഫ് ജെ, ഹേമന്ത് ജെ, ഈശ്വർ കെ എം, ശബരിനാഥൻ കെ എം, ശക്തി മുകേഷ് ടി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. കോളേജിലും ഹോസ്റ്റൽ പരിസരത്തും ഇവർ പ്രവേശിക്കുന്നതിനും വിലക്കിയിരിക്കുകയാണ്.