
മെയ് ഒന്നാം തീയതി മുതൽ സ്വകാര്യ ആശുപത്രികൾ ഇന്ത്യൻ പൗരന്മാരോട് കൊവിഡ് വാക്സിൻ കുത്തിവെപ്പിന് വേണ്ടി ഈടാക്കാൻ പോവുന്നത് ഡോസ് ഒന്നിന് 600രൂപ($8) എന്ന നിരക്കാണ്. ഇത് ഓക്സ്ഫോർഡ് സർവകലാശാലയും ആസ്റ്റർ സെനേക്കായും വികസിപ്പിച്ചെടുത്ത കോവിഡ് ഷീൽഡ് വാക്സിന് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാവും. എന്നാൽ, വാക്സിൻ ഡോസ് ഒന്നിന് 150 രൂപയ്ക്ക് വിറ്റാലും തങ്ങൾക്ക് ലാഭമാണ് എന്നാണ് മുമ്പ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അഡാർ പൂനവാല പറഞ്ഞിരുന്നത്. എന്നാൽ ഇദ്ദേഹം തന്നെ പിന്നീട് എഎൻഐയോട് പറഞ്ഞത്, "ആദ്യത്തെ പത്തുകോടി ഡോസുകൾക്ക് മാത്രമേ 200 രൂപ പ്രതി ഡോസ് എന്ന പ്രത്യേക നിരക്ക് ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളൂ. അതിനു ശേഷമുള്ള വാക്സീൻ ഞങ്ങൾ ഡോസ് ഒന്നിന് ആയിരം രൂപ നിരക്കിൽ സ്വകാര്യ വിപണിയിലാണ് വിൽക്കാൻ പോകുന്നത്." എന്നായിരുന്നു.
ഏറ്റവും ഒടുവിലായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ ആശുപത്രികൾക്ക് നൽകാനിരിക്കുന്ന നിരക്കായ 600 രൂപ പ്രതി ഡോസ് എന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നിറക്കാൻ. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് പോലും ഡോസ് ഒന്നിന് 400 രൂപ നിരക്കിൽ പണം മുടക്കേണ്ടി വരും. ഈ നിരക്ക് പോലും അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ സർക്കാർ നിരക്കുകളേക്കാൾ കൂടുതലാണ്. ഈ നിരക്ക് ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് ഇതേ സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നിരക്കിനേക്കാൾ കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്. 400 രൂപ പ്രതി ഡോസ് എന്ന ഇന്ത്യൻ നിരക്ക് ഏകദേശം $5.30 അടുപ്പിച്ച് വരും. യൂറോപ്യൻ യൂണിയൻ $2.15-$3.50 എന്ന നിരക്കിലും യുകെ $3, ബംഗ്ലാദേശ്, അമേരിക്ക $4 എന്നീ നിരക്കുകളിലുമാണ് വാക്സീൻ വാങ്ങിക്കൊണ്ടിരിക്കുന്നത്.
ആസ്റ്റർ സെനേക്കായും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ വാക്സീൻ ലൈസൻസ് ചെയ്ത് ഇന്ത്യയിൽ നിർമിച്ച് വിൽക്കുക മാത്രമാണ് യഥാർത്ഥത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ഇതിനകം തന്നെ കേന്ദ്ര സർക്കാരിൽ നിന്ന് 3000 കോടി രൂപയുടെ അഡ്വാൻസ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈപ്പറ്റിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam