
ദില്ലി : വിമാന ഇന്ധന വില കുത്തനെ കൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും. ലിറ്ററിന് 16 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് എണ്ണക്കമ്പനികൾ വരുത്തിയത്. ഇതോടെ വിമാന ഇന്ധനവില ലിറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു. തുടർച്ചയായ പ്രതിമാസ വർധനവിന് പിന്നാലെ വന്ന വൻ വിലക്കയറ്റം വരുംദിവസങ്ങളിൽ വിമാന യാത്രാനിരക്കുകൾ വീണ്ടും കുത്തനെ ഉയരാൻ ഇടയാക്കും.
വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 മുതൽ 60 ശതമാനം വരെയും വരുന്നത് ഇന്ധനച്ചെലവാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വ്യതിയാനങ്ങളും വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് വിലവർധനവിന് കാരണമെന്നാണ് വിശദീകരണം. ഇന്ധനവില വർധിച്ചതോടെ ചെലവ് നികത്താൻ ടിക്കറ്റ് നിരക്കുകൾ കൂട്ടുകയല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.
ഉത്സവ സീസണും അവധിക്കാലവും അടുത്തിരിക്കെ വന്ന ഈ നിരക്കുവർധന യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയുമാണ് വിമാനക്കമ്പനികളുടെ ഈ നിരക്കുവർധന നേരിട്ട് ബാധിക്കുക.
ഇന്ധനവില ഉയരുന്നത് യാത്രക്കാരെ മാത്രമല്ല, എയർ കാർഗോ വഴി നടക്കുന്ന ചരക്കുനീക്കത്തെയും രൂക്ഷമായി ബാധിക്കും. വിമാനം വഴിയുള്ള ചരക്കുകൂലി വർധിക്കുന്നതോടെ കയറ്റുമതിച്ചെലവ് കൂടും. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ചരക്കുകൂലി കാരണം വില മത്സരശേഷി നഷ്ടപ്പെടാൻ ഇടയാക്കും. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എയർ കാർഗോ വഴി കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെ ആഭ്യന്തര വിപണിയിലെ വിലയും ഉയർന്നേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam