
ദില്ലി: കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ ദില്ലിയിലെ ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന പൊലീസ് ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ താല്‍കാലിക ജയിലുകള്‍ക്കായി 9 സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ഛന്ദ രംഗത്തെത്തി. കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊപ്പം നില്‍ക്കരുത്. കര്‍ഷകര്‍ തീവ്രവാദികള്‍ അല്ലെന്നും രാഘവ് ഛന്ദ എംഎല്‍എ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ജന്തര്‍മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് വലയത്തിലാണ്. അതിര്‍ത്തിയില്‍ പൊലീസ് നടപടി കടുപ്പിച്ചതോടെ കര്‍ഷകര്‍ കൂട്ടം തിരിഞ്ഞ് ദില്ലി നഗരത്തിനുള്ളില്‍ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ വീണ്ടും കൂട്ടിയത്.
യാതൊരു തരത്തിലുമുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി സുരക്ഷ വിലയിരുത്തി. ജന്തര്‍ മന്തറിനു ചുറ്റുമുള്ള റോഡുകളില്‍ നാലിടത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗുരുദ്വാരകളില്‍ അടക്കം പൊലീസ് കാവലുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കനത്ത നടപടിയിലേക്ക് കടക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam