ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ വൈറസ് ബാധ; രണ്ടാഴ്ചക്കിടെ ചത്തത് ഏഴു പുള്ളിപ്പുലികള്‍, കാരണം പൂച്ചയോ?

Published : Sep 20, 2023, 11:11 AM IST
ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ വൈറസ് ബാധ; രണ്ടാഴ്ചക്കിടെ ചത്തത് ഏഴു പുള്ളിപ്പുലികള്‍, കാരണം പൂച്ചയോ?

Synopsis

രോഗം ബാധിച്ച പെണ്‍ പുലിക്കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മറ്റുള്ളവയെയും ചികിത്സിച്ചുവരുകയാണെന്നും ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി. സുര്യ സെന്‍ പറഞ്ഞു  

ബെംഗളൂരു: വൈറസ് ബാധയെതുടര്‍ന്ന് ബെംഗളൂരുവിലെ ബെന്നാർഘട്ട നാഷനല്‍ പാർക്കിലെ മൃഗശാലയിലെ ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ ചത്തു. ആഗസ്റ്റ് 22നും സെപ്റ്റംബര്‍ അഞ്ചിനുമായാണ് വൈറസ് രോഗം ബാധിച്ചുള്ള അണുബാധയെതുടര്‍ന്ന് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്. സാധാരണയായി പൂച്ചകളിലൂടെ പടരുന്ന ഫീലൈൻ പൻലെകൊപീനിയ (feline panleukopenia)എന്ന സാംക്രമിക രോഗമാണ് ഇവക്ക് ബാധിച്ചത്. ഫീലൈൻ പർവൊ വൈറസ് ആണ് രോഗം പരത്തുന്നത്. ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ 25 പുള്ളിപ്പുലി കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 15 എണ്ണത്തിനാണ് രോഗം ബാധിച്ചത്. ഇവയില്‍ ഏഴെണ്ണമാണ് രോഗം ഗുരുതരമായതോടെ വിവിധ ദിവസങ്ങളിലായി ചത്തതെന്ന് അധികൃതർ അറിയിച്ചു. 

രോഗം ബാധിച്ച പെണ്‍ പുലിക്കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മറ്റുള്ളവയെയും ചികിത്സിച്ചുവരുകയാണെന്നും ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി. സുര്യ സെന്‍ പറഞ്ഞു. സഫാരി ഭാഗത്ത് ആഗസ്റ്റ് 22നാണ് ആദ്യം രോഗ ബാധ തിരിച്ചറിഞ്ഞത്. പിന്നീട് മറ്റു പുലിക്കുഞ്ഞുങ്ങളിലും രോഗ ബാധ കണ്ടെത്തി. രോഗത്തിനെതിരായ നേരത്തെ തന്നെ കുത്തിവെപ്പ് നൽകിയിരുന്നു. എന്നാൽ, ചികിത്സക്കിടെ ഏഴു പുള്ളിപ്പുലി കുഞ്ഞുങ്ങളും ചത്തുപോവുകയായിരുന്നു. മൂന്ന് മാസത്തിനും എട്ടു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണിവയെന്നും എ.വി. സൂര്യ പറഞ്ഞു. വൈറസുകളുടെ പുതിയ വകഭേദമുണ്ടായതാകാം കുത്തിവെപ്പ് ഫലിക്കാതെ പോയതിന് കാരണമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഗബാധയുണ്ടായി 15 ദിവസങ്ങൾക്കകം തന്നെ ഏഴ് കുഞ്ഞുങ്ങളും ചത്തു. സഫാരി ഭാഗത്തേക്ക് തുറന്നുവിട്ട ഒമ്പത് പുലിക്കുഞ്ഞുങ്ങളിൽ നാലും റെസ്ക്യൂ കേന്ദ്രത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു പുലിക്കുഞ്ഞുങ്ങളുമാണ് ചത്തത്. 

ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ ആദ്യമായാണ് ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗം പടരാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. മൃഗങ്ങളെ പരിപാലിക്കുന്നവര്‍ പൂച്ചകളെയും പരിപാലിച്ചിട്ടുണ്ടെങ്കില്‍ അവര്‍ വൈറസ് വാഹകരായി മാറിയിരിക്കുമെന്ന സംശയവും അധികൃതര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്പുറമെ പാര്‍ക്കിന് സമീപത്തുതന്നെയായി നിരവധി വളര്‍ത്തുപൂച്ചകളമുണ്ട്. ഇവയിലൂടെയും രോഗം പടരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും സ്ഥിരീകരണമില്ല. സംഭവത്തെതുടര്‍ന്ന് പാര്‍ക്കിലെ സവാരി മേഖല ഉള്‍പ്പെടെ അണുവിമുക്തമാക്കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.  മൃഗഡോക്ടർമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയില്ലെന്നും ഡോക്ടര്‍മാരോടും മൃഗങ്ങളെ പരിപാലിക്കുന്നവരോടും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്
180 കി.മി വേഗതയിൽ ചീറിപ്പാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി