
ദില്ലി: ഏഴ് വയസ്സുകാരനായ തലാസീമിയ രോഗിക്ക് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാദം. രോഗിയുടെ രക്തം നൽകിയെന്ന കുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇതിനോടകം 25 യൂണിറ്റോളം രക്തം നൽകിയിട്ടുണ്ട്. ബ്ലഡ് ബാങ്കിൽ നിന്ന് ലഭിച്ച രക്തം വഴി കുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന് കുടുംബം വെള്ളിയാഴ്ച ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റാഞ്ചിയിൽ നിന്ന് അഞ്ചംഗ സംഘം ശനിയാഴ്ച ജില്ലാ ആസ്ഥാനമായ ചൈബാസയിലെത്തി. ഇവർ സദർ ആശുപത്രിയിലും ചൈബാസ ബ്ലഡ് ബാങ്കിലും സന്ദർശനം നടത്തിയതായി ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജ്ഹി പിടിഐയോട് പറഞ്ഞു. ജില്ലാ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. മിനുവിൻ്റെ നേതൃത്വത്തിൽ മൂന്നംഗ പ്രാദേശിക സമിതിയും അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
രക്തം നൽകിയതിലൂടെ തന്നെയാണ് അണുബാധയുണ്ടായതെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ലെന്ന് ഡോ. മജ്ഹി പറഞ്ഞു. "മഞ്ജരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ഈ ആൺകുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ബ്ലഡ് ബാങ്കിൽ നിന്നുള്ള രക്തം വഴിയാണ് അണുബാധയുണ്ടായതെന്ന് ഇപ്പോൾ പറയാനാകില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് ഉൾപ്പെടെ മറ്റ് പല കാരണങ്ങളാലും എച്ച്ഐവി അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുൻപ്, കുട്ടിക്ക് രക്തം നൽകിയ രക്തദാതാക്കളെ ഉൾപ്പെടെ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam