ഷാഹിൻ ബാഗിലെ സമരപ്പന്തൽ ഒഴിപ്പിച്ച സംഭവം; സമര സമിതി സുപ്രീംകോടതിയെ സമീപിച്ചു

By Web TeamFirst Published Mar 26, 2020, 5:53 PM IST
Highlights

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദില്ലി പൊലീസ് ഷാഹിൻ ബാഗിലെ സമര പന്തൽ ഒഴിപ്പിച്ചത്. 

ദില്ലി: ഷാഹിൻ ബാഗിലെ സമരപ്പന്തൽ ഒഴിപ്പിച്ചതിനെതിരെ സമര സമിതി സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത നീതി പീഠത്തോടുള്ള വെല്ലുവിളിയാണ് ദില്ലി പൊലീസ് നടപടിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര സമിതി സുപ്രീംകോടതിക്ക് കത്ത് നൽകി.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദില്ലി പൊലീസ് ഷാഹിൻ ബാഗിലെ സമര പന്തൽ ഒഴിപ്പിച്ചത്. അന്യായമായി കൂട്ടം കൂടിയതിനും പ്രതിഷേധിച്ചത്തിനും ആറ് സ്ത്രീകൾ ഉൾപ്പടെ ഒമ്പത് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യുന്നതിനെതിരായ ഹർജി സുപ്രീംകോടതി പരിഗണനയിൽ ഇരിക്കെയുള്ള പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് സമരക്കാർ സുപ്രീംകോടതിക്ക് നൽകിയ കത്തിൽ പറയുന്നത്. 

കൊവിഡ് 19 കാരണം രാജ്യം നേരിടുന്ന സാഹചര്യത്തെക്കുറിച്ച് ബോധ്യം ഉണ്ട്. മൂന്ന് മുതൽ അഞ്ച് വരെ സ്ത്രീകൾ മാത്രമായിരുന്നു പ്രതീകാത്മക സമരം നടത്തിയത്. സമരക്കാർ മതിയായ അകലം പാലിച്ചിരുന്നു. ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചു. എന്നിട്ടും പൊലീസ് ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. ചില നാട്ടുകാരുടെ സഹായവും പൊലീസിനുണ്ടായിരുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തോടുള്ള വെല്ലുവിളിയാണ് പൊലീസ് നടപടിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

സമരക്കാരുമായി ചർച്ച ചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥർ മുഖേനയാണ് കത്ത് നൽകിയത്. കൊവിഡ് 19 സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് സമര പന്തൽ ഒഴിപ്പിച്ചത് എന്നായിരുന്നു ദില്ലി പൊലീസ് വിശദീകരണം. സമര വേദി ഒഴിപ്പിച്ചതിന് പിന്നാലെ കാളിന്ദി കുഞ്ജ് നോയിഡ പാത തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

click me!