
ദില്ലി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തി ദില്ലി പൊലീസ്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി ഒന്നിന് ഷഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ദില്ലി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തി സമരക്കാര്‍ക്ക് നേരെ വെടിവെച്ച ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തു.
ദില്ലി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇയാള്‍ എഎപി അംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിനിടെ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറയുന്നു.
ഒരു ചിത്രം ഉപയോഗിച്ച് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് ശര്‍മ ആരോപിച്ചു.
അമിത് ഷായാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം കണ്ടെത്തുന്നതിലും പുറത്തുവിട്ടിതിലും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎഎക്കെതിരെ സമരം നടക്കുന്ന ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും വെടിവെപ്പുണ്ടായിരുന്നു. ആ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam