ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ശങ്കര്‍സിന്‍ഹ് വഗേല എന്‍സിപിയില്‍ നിന്ന് രാജിവെച്ചു

By Web TeamFirst Published Jun 23, 2020, 2:14 PM IST
Highlights

സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതും രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എ ക്രോസ് വോട്ട് ചെയ്തതുമാണ് രാജിക്ക് കാരണം.
 

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശങ്കര്‍സിന്‍ഹ് വഗേല എന്‍സിപിയില്‍നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം ദേശീയ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.  സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതും രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എ ക്രോസ് വോട്ട് ചെയ്തതുമാണ് രാജിക്ക് കാരണം. കോണ്‍ഗ്രസില്‍ നിന്ന് വിട്ട വഗേല 2019ലാണ് എന്‍സിപിയില്‍ ചേര്‍ന്നത്. 

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ കന്ധല്‍ ജദേജ പാര്‍ട്ടി വിപ് ലംഘിച്ച് വോട്ട് ചെയ്തത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റിലും ബിജെപി വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. എംഎല്‍എയുടെ നടപടി തന്നെ നിരാശപ്പെടുത്തിയെന്ന് വഗേല വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പേയാണ് വഗേലയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി ജയന്ത് പട്ടേലിനെ നിയമിച്ചത്.

വഗേല പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചനയുണ്ട്. ബിജെപി നേതാവായിരുന്ന വഗേല, 1996ല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. 1997ല്‍ തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.
 

click me!