എംഎല്‍എമാരുടെ യോഗം വിളിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം, നിഷേധിച്ച് നേതാക്കള്‍

By Web TeamFirst Published Mar 11, 2020, 11:46 AM IST
Highlights

മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് യാതൊരു ഭീഷണിയില്ലെന്നും മധ്യപ്രദേശിലെ സാഹചര്യമല്ല മഹാരാഷ്ട്രയിലേതെന്നും കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. 

മുംബൈ: ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം. എന്നാല്‍, മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. രാജ്യസഭ എംപി തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നും നേരത്തെ തീരുമാനിച്ചതാണ് യോഗമെന്നും ശരദ് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലനില്‍പ്പിന് യാതൊരു ഭീഷണിയുമില്ലെന്നും കോണ്‍ഗ്രസും വിശദീകരിച്ചു. മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. 

രാജ്യസഭ എംപി തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെയും ഫൗസിയ ഖാനെയും മത്സരിപ്പിക്കാന്‍ എന്‍സിപി തീരുമാനിച്ചു. ഇരുവരും ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നതെന്ന് മുതിര്‍ന്ന എന്‍സിപി നേതാവും വ്യക്തമാക്കി. മധ്യപ്രദേശിലെ സംഭവങ്ങളുമായി എന്‍സിപി എംഎല്‍എമാരുടെ യോഗത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് യാതൊരു ഭീഷണിയില്ലെന്നും മധ്യപ്രദേശിലെ സാഹചര്യമല്ല മഹാരാഷ്ട്രയിലേതെന്നും കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കോ ഓഡിനേഷനുണ്ടെന്നും ബിജെപിക്ക് തകര്‍ക്കാനാകില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട് പറഞ്ഞു.

click me!