അജിത് പവാറിനോട് ശശിതരൂർ പറഞ്ഞു, നിങ്ങളെ ഞാൻ 'സ്‌നോളിഗോസ്റ്റർ' എന്ന് വിളിക്കും

By Web TeamFirst Published Nov 23, 2019, 7:02 PM IST
Highlights

എന്‍സിപിയില്‍ നിന്നുകൊണ്ട് ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്  തരൂരിന്‍റെ ട്വീറ്റ്

ദില്ലി: ഏതൊരു സംഭവത്തിനെയും വിശേഷിപ്പിക്കാന്‍ ആരും കേള്‍ക്കാത്ത, നാക്കുളുക്കുന്ന വാക്കുകളുമായെത്തുന്നത് എം പി ശശി തരൂരിന്‍റെ പതിവാണ്. രാജ്യം ഇന്ന് പുലര്‍ച്ചെ മുതല്‍ ചര്‍ച്ച ചെയ്യുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ ഒറ്റ വാക്കുകൊണ്ടാണ് തരൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

2017 ലെ തന്‍റെ ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ ഇന്നത്തെ മഹാരാഷ്ട്രാ രാഷ്ട്രീയാവസ്ഥയെ വിമര്‍ശിച്ചിരിക്കുന്നത്. സ്നോളിഗോസ്റ്റര്‍ (Snollygoster) എന്ന വാക്കാണ് തരൂര്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രവര്‍ത്തകരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ''ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ'' എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. 

എന്‍സിപിയില്‍ നിന്നുകൊണ്ട് ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്  തരൂരിന്‍റെ ട്വീറ്റ്. ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിജെപിയോട് ചേര്‍ന്നതിനെ വിമര്‍ശിച്ചുകൊണ്ട് 2017 ല്‍  തരൂര്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. 

Correction: Most recent use: 23 November 2019, Mumbai https://t.co/W6KKVro1Ra

— Shashi Tharoor (@ShashiTharoor)

അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി - എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്. രാജ്ഭവനിൽ വച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും അജിത് പവാർ രണ്ടാമനായും സത്യപ്രതിജ്ഞ ചെയ്തു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യശ്രമങ്ങൾക്കിടെയാണ്  എൻസിപി മറുകണ്ടം ചാടിയത്. നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരാണെന്നുമായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാറിന്‍റെ പ്രതികരണം. 

click me!