
ദില്ലി: കോൺഗ്രസിന് അനുവദിച്ച പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ വീണ്ടും നിർദ്ദേശിച്ച് സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ കോൺഗ്രസ് നിയോഗിച്ചത്. ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും.
ഓപ്പറേഷൻ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു. എന്നാൽ, നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം, ശശി തരൂര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി വേദികളിൽ കൂടുതൽ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടാണ് വിവരം. പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ എഐസിസി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അധികാരത്തിൽ തിരിച്ചു വരാൻ തരൂരും വേണമെന്നായിരുന്നു മറുചേരിയുടെ പക്ഷം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി പരിപാടികളിൽ എഐസിസി ഇടപെട്ട് പങ്കെടുപ്പിക്കുന്നുവെന്നത് ശ്രദ്ധേയം