അന്ന് നൽകിയ വാ​ഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചു; ബീഹാറിലെ ശിശുമരണങ്ങളിൽ കേന്ദ്രത്തെ വിമർശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

By Web TeamFirst Published Jun 20, 2019, 9:42 AM IST
Highlights

അഞ്ച് വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ ആരോ​ഗ്യമേഖലയ്ക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് ദിവസം ചെല്ലുംതോറും കുട്ടികളുടെ മരണനിരക്ക് ഉയരാൻ കാരണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.

പാറ്റ്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ 128 കുട്ടികൾ മരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ച് കോൺ​ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ ആരോ​ഗ്യമേഖലയ്ക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് ദിവസം ചെല്ലുംതോറും കുട്ടികളുടെ മരണനിരക്ക് ഉയരാൻ കാരണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.

'ബീഹാറില്‍ 2014ൽ എന്‍സിഫലൈറ്റിസ് ബാധയുണ്ടായപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇവിടം സന്ദർശിച്ചിരുന്നു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും അന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനങ്ങൾക്കൊല്ലാം എന്താണ് സംഭവിച്ചത്?'- ശത്രുഘ്‌നന്‍ സിന്‍ഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പതിനേഴ് ദിവസത്തിനിടെ മുസഫർപൂരിൽ മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. കഴിഞ്ഞ ദിവസം മാത്രം 19 കുട്ടികളാണ് മരിച്ചത്. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ  ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ സുപ്രീംകോടതിയില്‍  പൊതുതാല്പര്യഹർജി നൽകിയിട്ടുണ്ട്. 

കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്. നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്. 
 

click me!