'രാഹുല്‍ തന്നെയാണ് പ്രതീക്ഷ, കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമാകണമെന്ന് ശിവസേന നേതാവ്

By Web TeamFirst Published Aug 28, 2020, 11:58 AM IST
Highlights

കോണ്‍ഗ്രസില്‍ നേതൃമാറ്റം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ള നേതാക്കള്‍ അയച്ച കത്തില്‍ വിവാദം രൂക്ഷമാകുന്നതിനിടെയാണ് ശിവസേന വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. 

ദില്ലി: രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം വേണമെന്നും കോണ്‍ഗ്രസ് അനുകൂലമായ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിലവിൽ ശക്തമായ പ്രതിപ​ക്ഷമാകാൻ കരുത്തുള്ള പാർട്ടിയാണ് കോൺ​ഗ്രസ്. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ തീര്‍പ്പാക്കി തിരിച്ചുവരണമെന്നും സഞ്ജയ് പറഞ്ഞു. രാഹുൽ ഗാന്ധി മാത്രമാണ് പ്രതീക്ഷയെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

"സോണിയ ഗാന്ധിക്ക് പ്രായമേറുന്നു, പ്രിയങ്ക ഗാന്ധിയെ മുഴുവൻ സമയ രാഷ്ട്രീയത്തിൽ ഞാൻ കാണുന്നില്ല. പാർട്ടിയിൽ നിരവധി മുതിർന്ന നേതാക്കൾ ഉണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല",സഞ്ജയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് അവസാനം കുറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചതെന്ന് ശിവസേന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ആയിരുന്നു ശിവസേനയുടെ ആരോപണം.

കോണ്‍ഗ്രസില്‍ നേതൃമാറ്റം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ള നേതാക്കള്‍ അയച്ച കത്തില്‍ വിവാദം രൂക്ഷമാകുന്നതിനിടെയാണ് ശിവസേന വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന തീരുമാനമുണ്ടായിട്ടും കത്ത് വിവാദം പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

click me!