
ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണ്ണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് 19ൻറെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ലളിതമായാണ് സത്യപ്രതിജ്‍ഞ നടന്നത്. ജോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട ഇരുപത്തിരണ്ട് എംഎൽഎമാർ താഴെയിറക്കിയ കമൽനാഥ് സർക്കാരിന് പകരം മധ്യപ്രദേശിൽ വീണ്ടും ശിവരാജ്സിംഗ് ചൗഹാൻ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരോത്തം മിശ്രയുടേയും നരേന്ദ്രിസിംഗ്തോമറിന്റേയും പേരുകൾ ഉയർന്നെങ്കിലും ശിവരാജ് സിംഗ് ചൗഹാൻ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. വൈകീട്ട് ചേർന്ന യോഗത്തിൽ ശിവരാജ് സിംഗ് ചൗഹാനെ ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സർക്കാർ രൂപീകരിക്കാനായതിൽ ചൗഹാനെ അഭിനന്ദിച്ച ജോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടെയുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തു. സിന്ധ്യയോട് കടപ്പെട്ടിരിക്കുന്നു എന്നും ഒരുമിച്ച് പ്രവർത്തിക്കാമെന്നും ചൗഹാൻ മറുപടി നൽകി. സർക്കാർ രൂപീകരണത്തിൽ ചൗഹാനെ അഭിനന്ദിച്ച കമൽനാഥ് കോൺഗ്രസ് ആവിഷ്കരിച്ച പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നും ആശംസിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രവർത്തകർ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും വീടുകളിൽ തുടരണമെന്നും ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവ് പ്രകാരം വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടതിന്റെ രണ്ട് മണിക്കൂർ മുമ്പായിരുന്നു കമൽനാഥിന്റെ രാജി. ജനത കർഫ്യൂവും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പവുമാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്. ജോതിരാദിത്യ സിന്ധ്യക്കൊപ്പം വന്ന ആറ് മന്ത്രിമാർക്കും മന്ത്രിസ്ഥാനം നല്കിയേക്കും. 25 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാകും ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൻറെ നിലനില്പ് തീരുമാനിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam