
ബംഗളൂരു: പാൽ ലഭ്യതയിൽ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാൻ വില കൂട്ടാതെ തന്നെ മാർഗം കണ്ടെത്തി കർണാടക സർക്കാർ. വിലകൂട്ടി സാധാരണക്കാർക്ക് അമിതഭാരം ഏൽപ്പിക്കാതെ പാലിന്റെ അളവിൽ കുറവ് വരുത്തിയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. കർണാടക കോ ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വർധിപ്പിക്കാതെ അളവ് കുറച്ച് വിതരണം ചെയ്യുന്നത്.
നന്ദിനി എന്ന ബ്രാൻഡിലാണ് കർണാടക കോ ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ പാൽ വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റർ 24 രൂപയ്ക്കും നൽകിവരികയായിരുന്നു. പാൽ ലഭ്യതയിൽ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റർ പാൽ നൽകാൻ തീരുമാനമായി. 24 രൂപയ്ക്ക് 450 മില്ലി ലിറ്റർ പാലും ലഭിക്കും. ഏത് സാധനത്തിന്റെയും അളവ് പായ്ക്കറ്റിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് മനസിലാക്കാനാകും. മറ്റ് പല ഉല്പന്നങ്ങളിലും കമ്പനികൾ ഇത്തരം പരീക്ഷണങ്ങൾ നടത്തുക സാധാരണമാണെങ്കിലും പാൽ ഉൽപന്ന മേഖലയിൽ ഇത് പുതിയ പരീക്ഷണമാണ്. ഇങ്ങനെ വില കൂട്ടാതെ ഉല്പന്നത്തിന്റെ അളവ് കുറച്ച് വിൽപനയ്ക്ക് എത്തിക്കുന്ന രീതിക്ക് 'shrinkflation' എന്നാണ് പേര്.
രാജ്യത്ത് പലയിടത്തും കഴിഞ്ഞയിടയ്ക്ക് പാൽ ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചിരുന്നു. അമുൽ ഫെബ്രുവരിയിൽ പാലിന് ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ചിരുന്നു. ഉയർന്ന ഉൽപാദന ചെലവ് ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിലവർധന പ്രാബല്യത്തിൽ വരാറുള്ളത്. കാലിത്തീറ്റയിലുണ്ടായ വിലവർധന പോലും ഉല്പാദനച്ചെലവ് ഭീമമായി വർധിപ്പിച്ചെന്ന് അമുൽ പറഞ്ഞിരുന്നു. അതേസമയം, പാൽ ക്ഷാമമാണ് കർണാടക മിൽക് ഫെഡറേഷന്റെ തീരുമാനത്തിന് പിന്നിലെ കാരണം. 2022 ജൂലൈ മുതൽ പ്രതിദിനം പാൽ ഉൽപാദനത്തിൽ 10 ലക്ഷം ലിറ്ററിന്റെ കുറവ് വന്നെന്നാണ് റിപ്പോർട്ട്. ചൂട് കൂടുതലുള്ള കാലാവസ്ഥയടക്കമുള്ള ഘടകങ്ങളാണ് പാൽ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് ക്ഷീരകർഷകർ പറയുന്നത്.