വരുന്നത് ഉത്സവകാലം; കൊവിഡിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്‍രിവാൾ

By Web TeamFirst Published Sep 11, 2020, 12:43 PM IST
Highlights

വരാനിരിക്കുന്ന ഉത്സവ സീസണിൽ കൊവിഡിനെതിരെ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പൊതുജനങ്ങളോടും ആരാധനാലയങ്ങളുടെ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി പറഞ്ഞു. 

ദില്ലി: അടുത്ത മാസം ഉത്സവ സീസൺ ആരംഭിക്കുകയാണെന്നും കൊവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വരും ദിവസങ്ങളിൽ നിരവധി ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ടാകും. ദില്ലിയിൽ കൊവിഡ് 19 നിയന്ത്രണവിധേയമാണെങ്കിലും ആരാധനാലയങ്ങളിൽ കൊവിഡ് വ്യാപനം തടയുന്നതിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു. 

ഒമ്പത് ദിവസത്തെ ക്ഷേത്ര ദർശനങ്ങളും വ്രതവും ഉൾപ്പെടുന്ന നവരാത്രി ആഘോഷം ഒക്ടോബർ 1 7ന് ആരംഭിക്കും. ഒക്ടോബർ 25ന് വിജയദശമിയോടെയാണ് ഇത് അവസാനിക്കുക. അതുപോലെ നവംബറിലാണ് ദീപാവലി ആഘോഷിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കൊവിഡിനെതിരെ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പൊതുജനങ്ങളോടും ആരാധനാലയങ്ങളുടെ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളില‍ ദില്ലിയിലെ കൊവിഡ് കേസുകളിൽ വർദ്ധന അനുഭവപ്പെട്ടിരുന്നു. കൊവിഡ് പരിശോധന ദിനംപ്രതി 20000 എന്നതിൽ നിന്ന് 40000ത്തിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച മാത്രം ദില്ലിയിൽ 4039 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം 54517 കൊവിഡ് പരിശോധന നടത്തിയിരുന്നു. ആരാധനാലയങ്ങൾ സന്ദർശിക്കുന്നവർ കുറഞ്ഞത് ആറടി സാമൂഹിക അകലം പാലിക്കുക. മാസ്കും ഹാൻഡ് സാനിട്ടൈസറും ഉപയോ​ഗിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു. 

ആരാധനാലയങ്ങൾ മിക്കതും മാർച്ച് മാസം മുതൽ അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് ഓ​ഗസ്റ്റിൽ ചിലയിടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കുകയും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. 

click me!