പാർട്ടി ചിഹ്നവും പേരും തീരുമാനിച്ചതിൽ പക്ഷപാതം കാണിച്ചു, ആരോപണം; തെര. കമ്മീഷന് താക്കറെ വിഭാ​ഗത്തിന്റെ കത്ത്

By Veena ChandFirst Published Oct 13, 2022, 5:06 PM IST
Highlights

തെരഞ്ഞെടുപ്പ് കമ്മീഷൻ  ഷിൻഡെയ്ക്ക് ഇഷ്ടമുള്ള പേരും ചിഹ്നവും തെരഞ്ഞെടുക്കാൻ വിശാലമായ അവസരം നൽകിയെന്നാണ്  താക്കറെ വിഭാ​ഗത്തിന്റെ പരാതി. പേരുകളും ചിഹ്നങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകിയതാണ് പ്രധാനമായും താക്കറെ വിഭാ​ഗം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

മുംബൈ: പാർട്ടി ചിഹ്നവും പേരുകളും തീരുമാനിക്കുന്നതിൽ  ഏകനാഥ് ഷിൻഡെ ക്യാമ്പിന് അനുകൂലമായ രീതിയിൽ നീക്കമുണ്ടായെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.  തെരഞ്ഞെടുപ്പ് കമ്മീഷൻ  ഷിൻഡെയ്ക്ക് ഇഷ്ടമുള്ള പേരും ചിഹ്നവും തെരഞ്ഞെടുക്കാൻ വിശാലമായ അവസരം നൽകിയെന്നാണ്  താക്കറെ വിഭാ​ഗത്തിന്റെ പരാതി. പേരുകളും ചിഹ്നങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകിയതാണ് പ്രധാനമായും താക്കറെ വിഭാ​ഗം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

താക്കറെ വിഭാ​ഗം തെരഞ്ഞെടുത്ത പേരുകളും ചിഹ്നങ്ങളും  തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ഷിൻഡെ വിഭാ​ഗം പേരുകളും ചിഹ്നങ്ങളും നൽകുന്നതിനും മുമ്പാണ്. അതുവഴി ഷിൻഡെ വിഭാ​ഗത്തിന് കൂടുതൽ സമയവും സൗകര്യവും ലഭിച്ചെന്നാണ് താക്കറെ വിഭാ​ഗം ആരോപിക്കുന്നത്.   ഇക്കാര്യം ഉൾപ്പടെ 12 പോയിന്റുകൾ ചൂണ്ടിക്കാട്ടിയാണ് താക്കറേ വിഭാ​ഗം കത്തയച്ചിരിക്കുന്നത്. താക്കറെയുടെ വിഭാഗത്തെ ഇപ്പോൾ ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാണ് വിളിക്കുന്നത്, അതിന്റെ ചിഹ്നം ജ്വലിക്കുന്ന പന്തമാണ്. ഷിൻഡെയുടെ സംഘത്തെ ബാലാസാഹെബാഞ്ചി ശിവസേന എന്ന് വിളിക്കുന്നു,  ഒരു പരിചയും രണ്ട് വാളുകളും ആണ് ഈ വിഭാ​ഗത്തിന്റെ ചിഹ്നം. 
 
ഷിൻഡെ വിഭാ​ഗം താക്കറെ വിഭാ​ഗത്തിന്റെ പേര് തന്നെയാണ് ആദ്യ മുൻ​ഗണനയായി  നൽകിയതെന്ന് കത്തിൽ ആരോപിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ പേര് പ്രസിദ്ധപ്പെടുത്തിയതുകൊണ്ട് സംഭവിച്ചതായാണ്.  കൂടാതെ താക്കറെ വിഭാ​ഗം നൽകിയ ചിഹ്നങ്ങളിലെ ഒന്നാമത്തെയും രണ്ടാമത്തെയും ചിഹ്നങ്ങളാണ് ഷിൻഡെ വിഭാ​ഗവും തെഞ്ഞെടുത്തത്.  ഇത് മൂലം ആദ്യം നൽകിയ പേര് തങ്ങൾക്ക് ലഭിച്ചില്ലെന്നും ചിഹ്നങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിച്ചെന്നും താക്കറെ വിഭാ​ഗം ആരോപിക്കുന്നു. 

തങ്ങൾക്ക് ചിഹ്നവും പേരും അനുവദിക്കുന്ന കത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ  ചിഹ്നത്തിന്റെ ചിത്രമില്ലാതെ അപ്‌ലോഡ് ചെയ്തതായും താക്കറെ വിഭാ​ഗം ആരോപണമായി ഉന്നയിക്കുന്നു. എന്നാൽ ഷിൻഡെ പക്ഷത്തിന് വേണ്ടിയുള്ള കത്തിൽ അവർ മത്സരിക്കുന്ന ചിഹ്നത്തിന്റെ ഒരു വലിയ ചിത്രം അടങ്ങിയിരുന്നു. ഇത് അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാ​ഗത്തിന് നേട്ടമാകുമെന്നും താക്കറെ വിഭാ​ഗം പറയുന്നു. ഈ വർഷം ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ബിജെപി പിന്തുണയോടെ 48 എംഎൽഎമാരെ ഉപയോ​ഗിച്ച് അട്ടിമറി നടത്തിയതോടെയാണ്  ശിവസേനയിൽ പൊട്ടിത്തെറി ആരംഭിച്ചത്. തുടർന്ന് ഷിൻഡെ ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു. ആരാണ് ഔദ്യോ​ഗിക പക്ഷമെന്ന് തർക്കം മുറുകി കോടതി വരെയെത്തി. തുടർന്നാണ് പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതും ഇരുവിഭാ​ഗത്തിനും പുതിയ പേരും ചിഹ്നവും അനുവദിച്ചതും. 

Read Also: തർക്കത്തിലായ ശിവസേനയുടെ 'അമ്പും വില്ലും'; വർത്തമാനവും ചരിത്രവും!!

 

 

click me!